ന്യൂഡല്‍ഹി:ശിവസേനയിലെ ഷിന്‍ഡെ വിഭാഗത്തിന്‍റേയും ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റേയും ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏക്‌നാഥ് ഷിന്‍ഡെയടക്കമുള്ള 16 ശിവസേന എംഎല്‍എമാര്‍ക്ക് അയോഗ്യത നോട്ടീസ് അയച്ച മഹാരാഷ്‌ട്ര അസംബ്ലി ഡെപ്യൂട്ടി സ്‌പീക്കര്‍ നര്‍ഹരി സിര്‍വാളിന്‍റെ നടപടി ചോദ്യം ചെയ്‌തുകൊണ്ടാണ് ഏക്‌നാദ് ഷിന്‍ഡെ വിഭാഗത്തിന്‍റെ ഹര്‍ജി. മഹാരാഷ്‌ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ഉദ്ദവ് താക്കറെ വിഭാഗം സമര്‍പ്പിച്ച ഹര്‍ജികളുമാണ് ഇന്ന് പരിഗണിക്കുന്നത്.
ശിവസേനയിലെ മൂന്നില്‍ രണ്ട് എംഎല്‍എമാരും തങ്ങളുടെ കൂടെയാണെന്നും അതുകൊണ്ട് തന്നെ കൂറുമാറ്റ നിയമപ്രകാരമുള്ള അയോഗ്യത നിലനില്‍ക്കില്ലെന്നുമാണ് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്‍റെ വാദം. അതുകൊണ്ട് തന്നെ ഏക്‌നാഥ് ഷിന്‍ഡെയെ സഭാ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി അജയ് ചൗദരിയെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നും ഷിന്‍ഡെ വിഭാഗം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.