ലഖ്‌നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദ് സമുച്ചയത്തിലെ ജലസംഭരണിയിലെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെത്തുടർന്ന് പ്രദേശം സീൽ ചെയ്‌ത നടപടി അന്യായവും, സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനുള്ള ശ്രമവുമാണെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്. കഴിഞ്ഞ ദിവസം അവസാനിച്ച കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ മൂന്ന് ദിവസം നീണ്ട വീഡിയോഗ്രാഫി സർവേക്ക് പിന്നാലെയാണ് കുളത്തിൽ ശിവലിംഗം കണ്ടുവെന്ന് അവകാശവാദം ഹർജിക്കാർ ഉന്നയിച്ചത്.
ഗ്യാൻവാപി എന്നത് ഒരു മസ്ജിദാണ്. അത് അങ്ങനെ തന്നെ തുടരും. ഇതിനെ ക്ഷേത്രമെന്ന് വിളിക്കാനുള്ള ശ്രമം സാമുദായിക അസ്വാരസ്യം സൃഷ്‌ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ളതാണ്. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്, എഐഎംപിഎൽബി ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ല റഹ്മാനി പ്രസ്‌താവനയിലൂടെ പറഞ്ഞു.
READ MORE:ഗ്യാന്‍വാപി മസ്‌ജിദ് സർവേ: ശിവലിഗം കണ്ടെത്തിയെന്ന് അവകാശവാദം, സ്ഥലം സീല്‍ ചെയ്യാൻ കോടതി നിർദ്ദേശം
അതേസമയം മസ്‌ജിദ് കമ്മിറ്റിയും ശിവലിഗം കണ്ടെത്തിയെന്ന അവകാശവാദത്തെ എതിർത്തിരുന്നു. മസ്ജദിന്‍റെ ഉള്ളില്‍ നിര്‍മിച്ച ചെറിയ കുളത്തിന് സമീപത്തായി ഒരു കല്ലുണ്ടെന്നും ഇതാണ് ശിവലിംഗമായി കണ്ടതെന്നുമാണ് മസ്‌ജിദ് കമ്മിറ്റി സെക്രട്ടറി ജനറൽ എസ് എം യാസിന്‍ ഷരീഫ് പറഞ്ഞത്. ഏല്ലാ രാജകീയ മസ്ജിദുകള്‍ക്കുള്ളിലും ഇത്തരം കല്ലുകള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ (വുദു ടാങ്ക്) വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നും മസ്ജിദ് അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ സര്‍വേയ്‌ക്കെതിരേ ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡും ജസ്റ്റിസ് പമിഡിഘണ്ടം ശ്രീ നരസിംഹവും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
READ MORE:ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി 17 ന് പരിഗണിക്കും
കാശിയിലെ ഗ്യാന്‍വാപി മസ്‌ജിദിൽ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. മസ്‌ജിദിന്‍റെ പടിഞ്ഞാറേ മതിലിനോടു ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരിക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേക്കും വീഡിയോ ചിത്രീകരണത്തിനും അനുമതി നല്‍കിയത്.