ബെംഗളൂരു: കോൺഗ്രസ് കർണാടക യൂണിറ്റ് പ്രസിഡന്‍റ് ഡി കെ ശിവകുമാർ ബുധനാഴ്‌ച ബെംഗളൂരുവിലെ സിബിഐ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായി. അനധികൃത സ്വത്ത് കേസിലാണ് ഡി കെ ശിവകുമാർ സിബിഐ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരായത്.
നവംബർ 19ന് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ബല്ലാരി, മസ്‌കി, ബസവ കല്യാൺ എന്നിവിടങ്ങളിൽ മുൻകൂട്ടി ക്രമീകരിച്ച മീറ്റിംഗുകൾ ഉണ്ടെന്ന് കാണിച്ച് അദ്ദേഹം കൂടുതൽ സമയം തേടിയിരുന്നു. അദ്ദേഹത്തിന്‍റെ അഭ്യർഥന മാനിച്ച സിബിഐ അധികൃതർ ബുധനാഴ്‌ച ഹാജരാകാൻ അനുവദിച്ചിരുന്നു.
രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്ന് ശിവകുമാർ പറഞ്ഞു. ഒക്‌ടോബർ 5 ന് സിബിഐ കർണാടക, ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ 14 സ്ഥലങ്ങളിൽ ശിവകുമാറുമായി ബന്ധമുള്ള സ്ഥലത്ത് തെരച്ചിൽ നടത്തിയിരുന്നു.
57 ലക്ഷം രൂപ പണവും പ്രോപ്പർട്ടി രേഖകൾ, ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് തുടങ്ങിയ നിരവധി രേഖകളും സംഘം കണ്ടെത്തിയതായി അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശം വെച്ചുവെന്നാരോപിച്ച് ശിവകുമാറിനും കുടുംബാംഗങ്ങൾക്കുമെതിരെ സിബിഐ കേസെടുത്തിരുന്നു.