മുംബൈ:ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട് ശിവസേന 25 വര്‍ഷം പാഴാക്കിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ഹിന്ദുത്വത്തെ തരാതരം പോലെ ഉപയോഗിക്കുകയാണെന്നും ഉദ്ദവ് താക്കറെ ആരോപിച്ചു. ശിവസേന സ്ഥാപകനായ ബാല്‍താക്കറെയുടെ 96ാം ജന്‍മദിന പരിപാടിയിലായിരുന്നു ഉദ്ദവ് താക്കറെയുടെ പ്രതികരണം.
ദേശീയ തലത്തില്‍ ശിവസേനയുടെ ശക്തി വര്‍ധിപ്പിക്കാൻ ശ്രമിക്കും. ശിവസേനയും അകാലിദളും വിട്ട്പോയതോടെ ദേശീയ ജനാധിപത്യ സംഖ്യം (എന്‍ഡിഎ) ദുര്‍ബലമായി. ഹിന്ദുത്വയ്ക്ക് അധികാരം ലഭിക്കാനാണ് ശിവസേന ബിജെപിയുമായി സംഖ്യത്തില്‍ ഏര്‍പ്പെട്ടത്.
അധികാരം നേടാനായി ശിവസേന ഒരിക്കലും ഹിന്ദുത്വയെ ഉപയോഗിച്ചിട്ടില്ല. ശിവസേന ബിജെപിയെയാണ് കൈവിട്ടത് ഹിന്ദുത്വത്തെ കൈവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരുമിച്ചാണ് ശിവസേന മത്സരിച്ചത്.
എന്‍ഡിഎ സംഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണമെന്നുള്ള ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ശിവസേന എന്‍ഡിഎ മുന്നണി വിട്ടുപോകുകയായിരുന്നു. പിന്നീട് ശിവസേന എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാ വികാസ് അഗാഡി എന്ന മുന്നണിയുണ്ടാക്കി മഹരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കി.
ALSO READ:കൊവിഡ് മരണം; 21,914 കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി ഡൽഹി സർക്കാർ