മുംബൈ :പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന ഉദ്ധവ് വിഭാഗം. പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന'യില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. പുതിയ പാര്‍ലമെന്‍റ് മന്ദിരം താന്‍ നിര്‍മിച്ച തന്‍റെ വസ്‌തുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് 28ലെ പരിപാടിയിലേക്ക് ബിജെപി നേതാവ് എൽകെ അദ്വാനിയെ ക്ഷണിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന ചോദ്യവും എഡിറ്റോറിയല്‍ ഉയര്‍ത്തി. കോൺഗ്രസും ശിവസേനയും (ഉദ്ധവ് വിഭാഗം) ഉൾപ്പടെ 21 പ്രതിപക്ഷ പാർട്ടികളാണ് പാര്‍ലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുകയെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ കൈകൊണ്ട് പുതിയ പാർലമെന്‍റ് മന്ദിരം ഉദ്‌ഘാടനം ചെയ്യുന്നതാണ് ഇതിനുകാരണം.
രാഷ്‌ട്രപതിക്ക് ബഹുമാനം നല്‍കേണ്ടതുണ്ട്. രാഷ്‌ട്രപതി രാജ്യത്തിന്‍റെ തലവനാണ്. ഇന്ത്യയുടെ പ്രഥമ പൗരയെന്ന പദവിയെ അപമാനിക്കരുത്. പുതിയ പാർലമെന്‍റ് മന്ദിരം താൻ നിർമിച്ചതാണ്. അത് തന്‍റെ വകയാണ് എന്നതാണ് മോദിയുടെ നയം. പാര്‍ലമെന്‍റില്‍ സ്ഥാപിക്കുന്ന ഫലകത്തിൽ തന്‍റെ പേര് മാത്രമേ ഉണ്ടാകാവൂ എന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്നും സാമ്‌ന മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
ഉദ്‌ഘാടനത്തിന് പോവുമെന്ന് എച്ച്‌ഡി ദേവഗൗഡ :പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ജെഡിഎസ് തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡ. പാര്‍ലമെന്‍റ് രാജ്യത്തിന്‍റെ സ്വത്താണ്. രാജ്യത്തെ നികുതിദായകരുടെ പണത്തിൽ നിന്നാണ് അത് നിർമിച്ചതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. പാര്‍ലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ അത് ബിജെപിയുടേയും ആർഎസ്‌എസിന്‍റേയും ഓഫിസാണോയെന്നും ഗേവഗൗഡ ചോദിച്ചു.