ന്യൂഡല്‍ഹി :ശിവസേനയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ചോദ്യം ചെയ്‌ത് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയില്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചതായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ഉത്തരവ് ഇറക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ശരിയായ നടപടിക്രമത്തിലൂടെ വീണ്ടും കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു.
ഭരണഘടന ബഞ്ച് പരിഗണിക്കുന്ന വിഷയങ്ങളിൽ ഹർജിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ നേരിട്ട് ബന്ധമുള്ളതായി താക്കറെ വിഭാഗം സമർപ്പിച്ച ഹർജിയിൽ പറയുന്നു. പത്താം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യത, ചിഹ്നങ്ങളുടെ ഉത്തരവിന് കീഴിലുള്ള നടപടികള്‍ എന്നിവ വ്യത്യസ്‌ത മേഖലകളിൽ പ്രാവർത്തികമാകുന്നുണ്ടെന്നും എംഎൽഎമാരെ അയോഗ്യരാക്കുന്നത് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ അംഗത്വം റദ്ദാക്കുന്നതിന്‍റെ അടിസ്ഥാനത്തിലല്ലെന്നും ഹർജിയിൽ പറയുന്നു.
'ഭരണഘടന പദവിക്ക് തുരങ്കം വച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍' : ശിവസേനയിൽ പിളർപ്പുണ്ടായെന്ന വാദത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് തെറ്റുപറ്റിയെന്നും ഹർജിയിൽ ആരോപണമുണ്ട്. പാർട്ടിയിൽ പിളർപ്പുണ്ടായി എന്ന കാര്യത്തില്‍ തെളിവുകളുടെ അഭാവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണ്ടെത്തൽ പൂർണമായും തെറ്റാണ്. പാർട്ടിയുടെ പരമോന്നത ബോഡിയായ പ്രതിനിധി സഭയിൽ താക്കറെ വിഭാഗത്തിന് വൻ ഭൂരിപക്ഷമുണ്ടെന്നും ഹർജിയിൽ പറയുന്നു.
പക്ഷപാതപരവും അന്യായവുമായ രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവർത്തിച്ചത്. ചിഹ്നത്തെ സംബന്ധിക്കുന്ന ഉത്തരവിലെ ഖണ്ഡിക 15 പ്രകാരമുള്ള തർക്കങ്ങളുടെ നിഷ്‌പക്ഷ മധ്യസ്ഥൻ എന്ന നിലയിൽ തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടുവെന്നും അതിന്‍റെ ഭരണഘടന പദവിയ്‌ക്ക് തുരങ്കം വയ്ക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയും ചെയ്‌തു എന്നും ഹർജിയിൽ ആരോപണമുണ്ട്.
വെള്ളിയാഴ്‌ച ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയെന്ന് നിരീക്ഷിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ, ബാലാസാഹേബ് താക്കറെ സ്ഥാപിച്ച പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെ വിഭാഗത്തിന് അനുവദിക്കുകയായിരുന്നു. കൂടാതെ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ താക്കറെ വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് ചിഹ്നമായ 'കത്തുന്ന പന്തം' നിലനിര്‍ത്താനും 78 പേജുള്ള ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
നടപ്പാക്കുന്നത് ബിജെപി അജണ്ട: ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിടുക്കപ്പെട്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിനെന്ന് ദാദറിലെ ശിവസേന ഭവനില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ഉദ്ധവ് താക്കറെ ചോദ്യമുയര്‍ത്തി. സുപ്രീം കോടതിയാണ് തങ്ങള്‍ക്ക് ഏക പ്രതീക്ഷയെന്നും താക്കറെ പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെ താക്കറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.
തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ജനാധിപത്യ സ്ഥാപനങ്ങളെ ഉപയോഗിച്ച് ബിജെപി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുകയാണെന്ന് താക്കറെ ആരോപിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ തടഞ്ഞില്ലെങ്കില്‍ 2024 ന് ശേഷം രാജ്യത്ത് ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശിവസേന എന്ന പാര്‍ട്ടിയുടെ പേരും ചിഹ്നമായ അമ്പും വില്ലും തന്‍റെ പക്കല്‍ നിന്ന് മോഷ്‌ടിക്കാമെന്നും എന്നാല്‍ ബാലാസാഹേബ് താക്കറെയുടെ പേര് തന്നില്‍ നിന്ന് ആര്‍ക്കും മോഷ്‌ടിക്കാനാകില്ലെന്നും പ്രതികരിച്ച ഉദ്ധവ് താക്കറെ അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ ജനിക്കാന്‍ കഴിഞ്ഞത് തന്‍റെ ഭാഗ്യമായി കരുതുന്നതായും പറഞ്ഞു.
മമത ബാനര്‍ജി, ശരദ് പവാര്‍, നിതീഷ് കുമാര്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ ഉദ്ധവ് താക്കറെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേനയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടില്‍ നിന്ന് താക്കറെ വിഭാഗം പാര്‍ട്ടി ഫണ്ട് ട്രാന്‍സ്‌ഫര്‍ ചെയ്‌ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാന്‍ അധികാരമില്ലെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. 'പാർട്ടി ഫണ്ടിന്‍റെ കാര്യത്തിൽ ഇടപെടാൻ തെരഞ്ഞെടുപ്പ് പാനലിന് അവകാശമില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ അതിന്‍റെ അധികാരപരിധി പരിമിതമാണ്. പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടാൽ ക്രിമിനൽ കേസ് നേരിടേണ്ടി വരും' - അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഷിന്‍ഡെയ്‌ക്ക് താക്കറെയുടെ ഉപദേശം: ബാലാസാഹേബ് താക്കറെയുടെ പേരും ചിത്രവും ഉപയോഗിക്കുന്നത് നിര്‍ത്തി അവരുടെ നേതാവിന്‍റെ പേരും ചിത്രവും ഉപയോഗിച്ച് വോട്ട് തേടാന്‍ ഷിന്‍ഡെ വിഭാഗത്തെ താക്കറെ ഉപദേശിച്ചു. ബാലാസാഹേബ് താക്കറെ വിഭാഗമായാണ് ഉദ്ധവ് വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചത്. താക്കറെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി കത്തുന്ന പന്തം അനുവദിക്കുകയും ചെയ്‌തിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉടന്‍ തീര്‍പ്പുണ്ടാകണമെന്നാണ് താക്കറെ വിഭാഗത്തിന്‍റെ ആവശ്യം.