മുംബൈ:വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനും ശിവസേന പിളരാതിരിക്കാനും അവസാന നീക്കവുമായി ഉദ്ധവ് താക്കറെ വിഭാഗം. മഹാവികാസ് അഖാഡി സഖ്യം വിടാൻ ശിവസേന തയ്യാറാണെന്ന നിലപാടുമായി ശിവസേന എംപിയും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ സഞ്ജയ് റാവത്ത് രംഗത്ത് എത്തിയതോടെയാണ് മഹാരാഷ്‌ട്രയിലെ വിമത നീക്കത്തിന് പുതിയ മാനം കൈവരുന്നത്. കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തില്‍ നിന്ന് പിൻമാറാൻ വിമത ശിവസേന എംഎല്‍എമാർക്ക് മുന്നില്‍ നിബന്ധനകളും സഞ്ജയ് റാവത്ത് വച്ചിട്ടുണ്ട്.
" എല്ലാ എംഎല്‍എമാരുടേയും അഭിപ്രായം അറിയണം. ഇപ്പോൾ ഗുവാഹത്തിയിലുള്ള വിമത ശിവസേന എംഎല്‍എമാർ മുംബൈയില്‍ മടങ്ങിയെത്തി ഉദ്ധവ് താക്കറെയുമായി സംസാരിക്കാൻ തയ്യാറാകണമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. 24 മണിക്കൂറിനകം വിമത ശിവസേന എംഎല്‍എമാർ മടങ്ങിയെത്തണമെന്നാണ് ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടുന്നത്. നിലവില്‍ 37 എംഎല്‍എമാരാണ് വിമത നേതാവായ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം ഗുവാഹത്തിയിലെ ഹോട്ടലിലുള്ളത്.
അവർക്കൊപ്പം ഒൻപത് സ്വതന്ത്ര എംഎല്‍എമാരും ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പമുണ്ട്. ശിവസേന പിളർത്തി ബിജെപി സർക്കാരില്‍ ചേരാനുള്ള ശ്രമാണ് ഏക്‌നാഥ് ഷിൻഡെ നടത്തുന്നത്. ശിവസേനയുടെ ചിഹ്നം സ്വന്തമാക്കാനും നിലവിലെ വിമതർ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയത്തിന്‍റെ അവസാന അടവുമായി ഉദ്ധവ് താക്കറെ വിഭാഗം രംഗത്ത് എത്തിയത്. അതിനിടെ ഷിൻഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന വാദം ഡെപ്യൂട്ടി സ്‌പീക്കർ തള്ളിയിരുന്നു.
" നിങ്ങൾ എല്ലാവരും യഥാർഥ ശിവസൈനികർ തന്നെയാണ്. ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് ഒന്നും പോസ്റ്റ് ചെയ്യരുത്. എംഎല്‍എമാർ ഗുവാഹത്തിയില്‍ നിന്നല്ല ആവശ്യം ഉന്നയിക്കേണ്ടത്. നിങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ മുംബൈയിലെത്തി ഉദ്ധവുമായി ചർച്ചചെയ്യാം" സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിമത എംഎല്‍എമാർ അനുനയത്തിന് തയ്യാറാകാതിരുന്നതോടെ ഇന്നലെ ഫേസ്‌ബുക്ക് ലൈവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. അതിനു ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉദ്ധവ് ഒഴിയുകയും ചെയ്തിരുന്നു.