മുംബൈ : രാമനവമിയിലും ഹനുമാൻ ജയന്തിയിലും രാജ്യത്തുടനീളമുണ്ടായ വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വിഷയത്തിൽ മോദി മൗനം വെടിയണമെന്നും ജനങ്ങളെ ശാന്തമാക്കാൻ സാമുദായിക സൗഹാർദ്ദത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും സംസാരിക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
'പ്രധാനമന്ത്രി മൗനം വെടിയണം'; രാജ്യത്തെ വർഗീയ കലാപങ്ങൾ രാഷ്‌ട്രീയ പ്രേരിതമെന്ന് സഞ്ജയ് റാവത്ത് - ഇന്ത്യയിലെ വർഗീയ കലാപങ്ങൾ
സർജിക്കൽ സ്‌ട്രൈക്ക്, രാമക്ഷേത്ര നിർമാണം തുടങ്ങിയ പ്രശ്‌നങ്ങളൊന്നും നിലവിൽ ഇല്ലാത്തതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് തേടാനാണ് ഇത്തരം സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് സഞ്ജയ് റാവത്ത്
രാജ്യത്ത് നടന്ന അക്രമങ്ങളെല്ലാം രാഷ്‌ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ബോധപൂർവം അന്തരീക്ഷം നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർജിക്കൽ സ്‌ട്രൈക്ക്, രാമക്ഷേത്ര നിർമാണം തുടങ്ങിയ പ്രശ്‌നങ്ങളൊന്നും നിലവിൽ ഇല്ലാത്തതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് തേടാനാണ് ഇത്തരം സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നത്. മഹാരാഷ്‌ട്രയിൽ സമാധാനം തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. എങ്കിലും ഇവിടെ അന്തരീക്ഷം സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഹനുമാൻ ജയന്തിയുടെയും രാമനവമിയുടെയും ഘോഷയാത്രയ്ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അക്രമമാണ് നടന്നത്. ഘോഷയാത്ര നടത്തുന്നത് ഹിന്ദുക്കളുടെ അവകാശമാണ്. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമായ ആക്രമണങ്ങളാണെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.