മുംബൈ : പിളര്‍പ്പ് തളര്‍ത്തിയ രണ്ടാം വര്‍ഷത്തിലാണ് ശിവസേന അതിന്‍റെ 57ാം വാര്‍ഷികം ആഘോഷിക്കുന്നത്. യഥാര്‍ഥ പക്ഷം തങ്ങളാണെന്നറിയിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും, മുന്‍ മുഖ്യമന്ത്രിയും സ്ഥാപകനായ ബാലാസാഹേബ് താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെയും തമ്മിലുള്ള പൈതൃക അവകാശവാദം ശക്തമായി തന്നെ തുടരുന്നുണ്ട്. ശരിയായ പക്ഷം തങ്ങളാണെന്ന് പ്രവര്‍ത്തകരെയും ജനങ്ങളെയും ഒരുപോലെ ബോധ്യപ്പെടുത്തേണ്ടതിനാല്‍ ഇത്തവണത്തെ വാര്‍ഷികത്തിനും 'കരുത്ത് തെളിയിക്കല്‍' എന്ന മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു.
ഒരു പാര്‍ട്ടി, രണ്ട് ആഘോഷങ്ങള്‍ :പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷമെന്ന ഖ്യാതിയും ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നത്തിന്‍റെ കൈവശ അവകാശവും ലഭിച്ച ഏക്‌നാഥ് ഷിന്‍ഡെ, സ്ഥാപകദിനത്തില്‍ ഗോരേഗാവിലാണ് പ്രവര്‍ത്തക റാലിയെ അഭിസംബോധന ചെയ്‌തതെങ്കില്‍ രാജ്യഭരണം നഷ്‌ടപ്പെട്ട് നിലവില്‍ വനവാസത്തിലുള്ള ഉദ്ധവ് താക്കറെ സ്ഥാപകദിനം ആഘോഷിച്ചത് സിയോണിലെ ഷൺമുഖാനന്ദ ഹാളിലാണ്. വേറിട്ട വേദികള്‍ എന്നതിലുപരി അടിമുടി വേറിട്ട ആഘോഷങ്ങളായിരുന്നു ഇരുപക്ഷത്തിന്‍റേതും.
ബാനര്‍ യുദ്ധം : ഇരുപക്ഷവും ഉയര്‍ത്തിയ പ്രചാരണ ഹോര്‍ഡിങ്ങുകളില്‍ തുടങ്ങുന്നു ഈ വ്യത്യാസങ്ങള്‍. ശിവസേന സ്ഥാപകനും പാര്‍ട്ടിയുടെ മുഖവുമായ ബാലാസാഹേബ് താക്കറെയെ ഉയര്‍ത്തിക്കാണിച്ചുള്ള ബോര്‍ഡുകളാണ് ഉദ്ധവ് പക്ഷം നിരത്തിയത്. ബാല്‍ താക്കറെയ്‌ക്കൊപ്പം അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ഉപദേഷ്‌ടാവായി ഉണ്ടായിരുന്ന ആനന്ദ് ദിഗെ, ഛത്രപതി ശിവജി എന്നിവരുടെ ചിത്രങ്ങളും മഹാരാഷ്‌ട്രയുടെ ഭൂപടവും ഉള്‍പ്പെടുത്തി 'ലിബറല്‍' പ്രചാരണ ഹോര്‍ഡിങ്ങുകളായിരുന്നു ഷിന്‍ഡെ പക്ഷത്തിന്‍റേത്. ചിലയിടങ്ങളില്‍ ഷിന്‍ഡെയും പോസ്‌റ്ററുകളില്‍ ഇടം പിടിച്ചു. മറുപക്ഷത്ത് ബാല്‍ താക്കറെയും, ഉദ്ധവ് താക്കറെയും ഒപ്പം ആദിത്യ താക്കറെയും ഉള്‍പ്പടെയുള്ള കുടുംബ ഫോട്ടോകളായിരുന്നു പോസ്‌റ്ററുകളില്‍ നിറഞ്ഞത്.