ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. 130 കോടി ജനങ്ങൾ സഞ്ചരിക്കുന്ന കപ്പൽ മുങ്ങുകയാണെന്ന് വിമർശനം ഉന്നയിച്ച് പി ചിദംബരം രംഗത്ത്. കൊവിഡ് സ്ഥിതിഗതികൾ കൈകാര്യം ചെയ്‌തതിൽ കേന്ദ്ര സർക്കാരിന്‍റെ പരാജയം ചൂണ്ടിക്കാട്ടിയായിരുന്നു പി ചിദംബരത്തിന്‍റെ വിമർശനം.
130 കോടി ജനങ്ങളുമായി സഞ്ചരിക്കുന്ന കപ്പൽ മുങ്ങുകയാണെന്ന് പി ചിദംബരം
കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിനെ തുടർന്നാണ് വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്.
ആരോഗ്യ മന്ത്രിയുടെ ട്വീറ്റിന് മറുപടിയെന്നോളമായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്. "മെയ് ദിനം! മെയ് ദിനം! 130 കോടി ജനങ്ങളുമായി സഞ്ചരിക്കുന്ന 2021ലെ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളെ രക്ഷിക്കണം! എന്നെയെങ്കിലും രക്ഷിക്കണം" എന്നായിരുന്നു പി ചിദംബരത്തിന്‍റെ ട്വീറ്റ്.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക് നാല് ലക്ഷം കടന്നു. 24 മണിക്കൂറിൽ 4,01,993 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 1,91,64,969 കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 3523 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 2,11,853 കടന്നു. നിലവിൽ 32,68,710 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.