ഭുവനേശ്വർ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിമിലിപാൽ ടൈഗർ റിസർവിൽ വലിയ കാട്ടുതീ പടരുന്നതില്‍ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആശങ്ക പ്രകടിപ്പിച്ചു. കാട്ടുതീയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അറിഞ്ഞതിൽ വിഷമമുണ്ടെന്നും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവമണ്ഡലങ്ങളിൽ ഒന്നായ ഇവിടെയുണ്ടായ ഈ ഭയാനക അവസ്ഥയെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു.
സിമിലിപാല്‍ വന്യജീവി സങ്കേതത്തിലെ തീ; ആശങ്ക അറിയിച്ച് കേന്ദ്രം - നവീന്‍ പട്നായിക്
സിമിലിപാൽ ഫോറസ്റ്റ് ഡിവിഷനില്‍ ആകെയുള്ള 21 റെയ്ഞ്ചുകളില്‍ എട്ടിലേക്കും തീ പടർന്നു.
വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു. അതേസമയം സംഭവത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവീന്‍ പട്നായിക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നിരുന്നു. അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
തീ അണക്കുന്നതിനായി വന്യജീവി സങ്കേത അധികൃതര്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി. കഴിഞ്ഞ 10 ദിവസമായി കാട് കത്തിക്കൊണ്ടിരിക്കുകയാണെന്നും തീ ഒരു ഭാഗത്ത് നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണെന്നും വന്യജീവി സങ്കേത വൃത്തങ്ങൾ അറിയിച്ചു. സിമിലിപാൽ ഫോറസ്റ്റ് ഡിവിഷനില്‍ ആകെയുള്ള 21 റെയ്ഞ്ചുകളില്‍ എട്ടിലേക്കും തീ പടർന്നു.