മുംബൈ: സംവിധായകൻ സാജിദ് ഖാനെതിരായ ലൈംഗിക പീഡനാരോപണ കേസിൽ മുംബൈ പൊലീസിന്‍റെ അനാസ്ഥയിൽ വികാരാധീനയായി ബിഗ് ബോസ് മുൻ മത്സരാർഥിയായ ബോളിവുഡ് നടി. കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 29ന് തന്‍റെ മൊഴി രേഖപ്പെടുത്തുന്ന സമയത്ത് വനിത പൊലീസ് ഓഫീസർ ഉണ്ടായിരുന്നില്ലെന്ന് നടി പറയുന്നു.
എന്‍റെ കേസ് ഏൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ മൊഴി രേഖപ്പെടുത്തുമ്പോൾ ഹാജരായില്ല. മൊഴി നൽകാൻ വനിത ഓഫിസറെ വേണമെന്ന് പൊലീസുകാരോട് അഭ്യർഥിച്ചു. എന്നാൽ ജുഹു പൊലീസ് സ്റ്റേഷനിൽ വനിത പൊലീസ് ഓഫിസർ ഇല്ലെന്നാണ് എനിക്ക് ലഭിച്ച മറുപടി. വിഷയത്തിൽ ന്യായമായ അന്വേഷണം വേണം. അവർക്ക് എന്‍റെ മൊഴിയെടുക്കാൻ താത്പര്യമില്ലെങ്കിൽ അത് തുറന്നുപറയാമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് എല്ലാ സ്ത്രീകളുടെയും പോരാട്ടം': "ഇത് എന്‍റെ മാത്രം പോരാട്ടമല്ല, മീടു ആരോപണ വിധേയനായ സാജിദ് ഖാൻ പീഡിപ്പിച്ച എല്ലാ സ്ത്രീകളുടെയും പോരാട്ടമാണ്. ലൈംഗികപീഡനത്തെ എതിർക്കുന്ന ഓരോ വ്യക്തിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ബോളിവുഡിലെ ഖാൻ സംഘത്തിന്‍റെ പ്രിയങ്കരനായ സാജിദ് ഖാനെ പോലുള്ളവരുടെ ജന്മാവകാശമല്ല ലൈംഗികപീഡനം.
വളരെ വലിയ ബന്ധങ്ങളുള്ളവരാണ് അവർ. ഇൻഡസ്ട്രിയിലെ ഞങ്ങളെയും അവരെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ പുറത്തുനിന്നുള്ളവരാണ്. എന്നാൽ അവർ ഖാൻ ക്യാമ്പിൽ നിന്നുള്ളവരും. അവരോട് പോരാടുന്നതിന് വളരെയധികം ധൈര്യവും ക്ഷമയും ആവശ്യമാണ്." താരം പറയുന്നു.
സൽമാൻ ഖാന്‍റെ പിന്തുണ തേടി നടി: വിഷയത്തിൽ ബിഗ് ബോസ് അവതാരകൻ സൽമാൻ ഖാന്‍റെ പിന്തുണയും ബോളിവുഡ് താരം അഭ്യർഥിച്ചിട്ടുണ്ട്. "ബോളിവുഡിന്‍റെ ഇരട്ടത്താപ്പിനും ലൈംഗികപീഡനത്തിനുമെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ ചേരാൻ ഞാൻ അഭ്യർഥിക്കുന്നു. തന്‍റെ സുഹൃത്തിനാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ വളരെ സൗകര്യപൂർവം അവഗണിക്കുന്ന സൽമാൻ ഖാനോടും പ്രത്യേകമായി അഭ്യർഥിക്കുന്നു.
ആളുകൾ ഭായ്‌ജാൻ എന്ന് വിളിക്കുന്ന നിങ്ങൾക്ക് എന്തുകൊണ്ടാണ് ഞങ്ങൾക്ക് വേണ്ടി നിലപാട് എടുക്കാൻ കഴിയാത്തത്? എന്തുകൊണ്ടാണ് നിങ്ങൾക്ക് ഞങ്ങളുടെ സഹോദരൻ ആകാൻ കഴിയാത്തത്? പീഡകനും സ്ഥിരം കുറ്റവാളിയുമായ ഒരാളെ ബിഗ് ബോസ് ഹൗസിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? എന്തിനാണ് ഞങ്ങളോട് ഈ നിസ്സംഗത?" നടി ചോദിക്കുന്നു.