അബുദാബി: ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളില്‍ നിന്ന് തങ്ങള്‍ പാഠം പഠിച്ചുവെന്നും അതുകൊണ്ട് തന്നെ പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്‌ക്ക് ക്ഷണിക്കുകയുമാണുമുള്ള പ്രസ്‌താവനയില്‍ വിശദീകരണവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ ഓഫീസ്. 2019 ഓഗസ്റ്റ് അഞ്ചിന് കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടി പിന്‍വലിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ച ഉണ്ടാകുകയുള്ളൂ എന്നാണ് വിശദീകരണം. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഈ കാര്യം ആവര്‍ത്തിച്ച് പ്രസ്‌താവിച്ചിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
വിശദീകരണത്തിന് പിന്നില്‍: "ഇന്ത്യയുമായി ഞങ്ങള്‍ മൂന്ന് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു. അവ ഞങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും, ദാരിദ്ര്യവും, തൊഴിലില്ലായ്‌മയുമാണ് നല്‍കിയത്. ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം പഠിച്ചു. യഥാര്‍ഥ വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ ഇന്ത്യയുമായി സമാധാനത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു," ഷഹബാസ് ഷെരീഫ് അഭിമുഖത്തില്‍ പറഞ്ഞു. ഈ അഭിമുഖം വലിയ ചർച്ചയായതോടെയാണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
വിശദീകരണം ഇങ്ങനെ: കശ്‌മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുന്നു. 2019 ഓഗസ്റ്റില്‍ ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കശ്‌മീരിന് സ്വയംഭരണം ഉണ്ടെന്ന തോന്നല്‍ പോലും ഇല്ലാതായി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുകയാണെന്നും ഷഹബാസ് ഷെരീഫ് ആരോപിച്ചു. രണ്ട് രാജ്യങ്ങളും ആണവശക്തികളാണെന്നും ഒരു യുദ്ധം ഉണ്ടായാല്‍ എന്താണ് സംഭവിച്ചത് എന്ന് പറയാന്‍ പോലും ഒരാളും അവശേഷിക്കില്ലെന്നും രണ്ട് രാജ്യങ്ങളേയും ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ യുഎഇക്ക് സാധിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
രൂക്ഷ പ്രതിസന്ധിയില്‍ പാകിസ്ഥാന്‍:പാകിസ്ഥാന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടയിലാണ് ഷഹബാസ് ഷെരീഫിന്‍റെ പ്രസ്‌താവന. അന്താരാഷ്‌ട്ര നാണയനിധിയില്‍ നിന്ന് നിരന്തരം വായ്‌പയെടുക്കേണ്ട സാഹചര്യമാണ് പാകിസ്ഥാനുള്ളത്. ഇന്ധനങ്ങള്‍ക്കും ധാന്യങ്ങള്‍ക്കുമുള്ള ദൗര്‍ലഭ്യവും ഉയര്‍ന്ന വിലയും കാരണം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. തെഹ്‌രിക് ഇ താലിബാന്‍ പോലുള്ള തീവ്രവാദ സംഘടനകളില്‍ നിന്ന് വര്‍ധിച്ച ആക്രമണങ്ങളും പാകിസ്ഥാന്‍ നേരിടുകയാണ്. ഈ സാഹചര്യത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.