മുംബൈ: നടി തുനിഷ ശർമയുടെ കുടുംബത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടൻ ഷീസാന്‍റെ കുടുംബവും അഭിഭാഷകനും. തിങ്കളാഴ്‌ച മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തുനിഷയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇവർ പുറത്തുവിട്ടു. തുനിഷയുടെ മരണത്തിന് കാരണം അവളുടെ കുടുംബ പശ്ചാത്തലവും നടിയുടെ അമ്മാവനുമായിരുന്നുവെന്ന് ഷീസാന്‍റെ കുടുംബം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തുനിഷയുടെ മരണത്തിന് കാരണം അമ്മയും അമ്മാവനും: തുനിഷയും അവരുടെ അമ്മാവനായ സഞ്‌ജീവ് കൗശലും നല്ല രീതിയിൽ ആയിരുന്നില്ലെന്നും നടിയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അമ്മ വനിതയായിരുന്നെന്നും വാർത്താസമ്മേളനത്തിൽ ഷീസന്‍റെ അഭിഭാഷകൻ അഡ്വ. ശൈലേന്ദ്ര മിശ്ര പറഞ്ഞു. അതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന് പണത്തിനായി അമ്മയോട് കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. സഞ്‌ജീവ് കൗശലിന്‍റെ പേര് കേൾക്കുമ്പോൾ തന്നെ തുനിഷ പരിഭ്രാന്തിപ്പെടുകയും അയാളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിച്ചപ്പോൾ തുനിഷയുടെ അമ്മ അവളുടെ ഫോൺ തകർക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് അഭിഭാഷകൻ പറഞ്ഞു.
തുനിഷ വിഷാദത്തിലായിരുന്നു: തുനിഷയുടെ മറ്റൊരു അമ്മാവനും മുൻ മാനേജറുമായ പവന ശർമയെ നാല് വർഷം മുൻപാണ് മാനേജർ സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. അയാൾ താരത്തിനോട് പലപ്പോഴും പരുഷമായാണ് ഇടപഴകിയിരുന്നതെന്നും ശർമ കൂട്ടിച്ചേർത്തു. തുനിഷയെ അമ്മ വനിത അവഗണിച്ചിരുന്നതായി അവർ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും കുട്ടിക്കാലത്തെ ഈ ആഘാതം കാരണം തുനിഷ വിഷാദത്തിലായിരുന്നെന്നും അതിനാൽ തുനിഷയുടെ മരണത്തിൽ ഷീസനെ മാത്രം ഉത്തരവാദിയാക്കാൻ കഴിയില്ലെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഷീസന്‍റെ സഹോദരി ഫലഖ് നാസ് പറഞ്ഞു.
ഷീസാന് മറ്റൊരു ബന്ധമില്ല: തുനിഷയുടെ അമ്മ ആരോപിക്കുന്നത് പോലെ ഷീസന് മറ്റൊരു ബന്ധം ഉണ്ടായിരുന്നില്ലെന്നും ഫലഖ് പറഞ്ഞു. അതേസമയം തുനിഷ ഹിജാബ് ധരിച്ചുകൊണ്ടുള്ള ചിത്രത്തിനോപ്പം ഇത് ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഒരു ചിത്രം കാണിച്ച് അത് ഒരു ടിവി സീരിയലിലെ സ്‌റ്റിൽ ആണെന്നും ആരും തുനിഷയെ ഹിജാബ് ധരിക്കാൻ പ്രേരിപ്പിച്ചതല്ലെന്നും ഫലഖ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.