ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്‌പുതിന്‍റെ ആത്‌മഹത്യക്ക് ശേഷം ബോളിവുഡിനെ ഞെട്ടിച്ച മറ്റൊരു ആത്‌മഹത്യയാണ് സീരിയല്‍ താരം തുനിഷ ശര്‍മയുടെത്. സീരിയല്‍ സെറ്റില്‍ വച്ചുണ്ടായ നടിയുടെ ആത്‌മഹത്യയും സുശാന്ത് സിങ് രജ്‌പുതിന്‍റെ മരണവും തമ്മില്‍ അസാധാരണമായ സാമ്യം ഉണ്ടെന്നാണ് ഹിന്ദി സിനിമ-സീരിയല്‍ ലോകം പറയുന്നത്. ആത്‌മഹത്യ എന്ന് തോന്നിക്കും വിധമുള്ള കൊലപാതകമാണ് സംഭവിച്ചതെന്ന് ആരോപിച്ച് തുനിഷയുടെ അമ്മ രംഗത്തു വന്നതും ചര്‍ച്ചയായിട്ടുണ്ട്.
നടി തുനിഷ ശര്‍മയുടെ ആത്‌മഹത്യ: ഷീസാന്‍ ഖാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - സുശാന്ത് സിങ് രജ്‌പുതിന്‍റെ ആത്‌മഹത്യ
തുനിഷ ശര്‍മയുടെ അമ്മയുടെ പരാതിയില്‍ ഷീസാന്‍ ഖാനെതിരെ ഐപിസി സെക്ഷൻ 306 പ്രകാരമാണ് കേസ് എടുത്തത്. മുംബൈയിലെ വസായ് കോടതിയിൽ ഹാജരാക്കിയ നടനെ നാലു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. നടന്‍ പാർത്ത് സുത്ഷിയെയും പൊലീസ് ചോദ്യം ചെയ്‌തിരുന്നു
നടി തുനിഷ ശര്‍മയുടെ ആത്മഹത്യ:
സുശാന്ത് സിങ്ങിന്‍റെ മരണവും കൊലപാതകമാണെന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമായിരുന്നു. തുനിഷയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് സഹതാരം ഷീസാന്‍ ഖാന്‍ അറസ്റ്റിലായത്. കുറ്റാരോപിതനായ ഷീസാന്‍ ഖാനെ കോടതിയില്‍ ഹാജരാക്കുകയും നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്‌തു. കേസിലെ പ്രധാന സംഭവ വികാസങ്ങള്‍ ഇങ്ങനെ:
- 20കാരിയായ തുനിഷ ശർമയെ ഇന്നലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി ഇന്ന് പുലർച്ചെ 1.30ഓടെ നടിയുടെ മൃതദേഹം ജെ ജെ ആശുപത്രിയിൽ എത്തിച്ചു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ കേസില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പുറത്തു കൊണ്ടുവരാനാകുമെന്നാണ് പൊലീസ് നിമനം.
- ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ തുനിഷ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. Those who are driven by their Passion don't stop എന്ന കുറിപ്പോടെ താരം തന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്‌തിട്ടുണ്ട്.
- ഇന്ന് മുംബൈയിലെ വസായ് കോടതിയിൽ ഹാജരാക്കിയ ശേഷം ഷീസാൻ ഖാനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യ പ്രേരണ കുറ്റം ആരോപിച്ച് തുനിഷ ശർമയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടന്‍റെ അറസ്റ്റ്. ഷീസാന്‍ ഖാനെതിരെ ഐപിസി സെക്ഷൻ 306 പ്രകാരം കേസെടുത്തതായി വാലിവ് പൊലീസ് അറിയിച്ചു. അതേസമയം നടനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് ഷീസാൻ ഖാന്‍റെ അഭിഭാഷകൻ ശരദ് റായ് പറയുന്നത്.
- മറ്റൊരു സഹനടനായ പാർത്ത് സുത്ഷിയെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. 'എന്നെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, പൊതുവായ ചോദ്യങ്ങളാണ് ചോദിച്ചത്. അവള്‍ക്കുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. എനിക്ക് ആ വിഷയത്തെ കുറിച്ച് ഒരു ധാരണയുമില്ല. അത് അവളുടെ സ്വകാര്യമായ കാര്യമാണ്. സംഭവം നടന്നപ്പോൾ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് അറിഞ്ഞിരുന്നു, പക്ഷേ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അവൾ മരിച്ചുവെന്ന് പിന്നീട് ആറിഞ്ഞു', മാധ്യമപ്രവർത്തകരോട് സംസാരിച്ച സുത്ഷി പറഞ്ഞു.
- ഭാരത് കാ വീർ പുത്ര- മഹാറാണാ പ്രതാപ് എന്ന ചിത്രത്തിലൂടെ തന്‍റെ അഭിനയ ജീവിതം ആരംഭിച്ച തുനിഷ പിന്നീട് ചക്രവർത്തി അശോക സാമ്രാട്ട്, ഗബ്ബർ പൂഞ്ച്‌വാല, ഷേർ-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിങ്, ഇന്‍റർനെറ്റ് വാലാ ലവ്, ഇഷ്ഖ് സുബ്ഹാൻ അല്ലാഹ് തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. കൂടാതെ ഫിത്തൂർ, ബാർ ബാർ ദേഖോ, കഹാനി 2: ദുർഗാ റാണി സിങ്, ദബാംഗ് 3 തുടങ്ങിയ ചിത്രങ്ങളിൽ തുനിഷ അഭിനയിച്ചിരുന്നു. പ്യാർ ഹോ ജായേഗ, നൈനോൻ കാ യേ റോണ, തു ബൈഠേ മേരേ സാംനേ തുടങ്ങിയ നിരവധി സംഗീത വീഡിയോകളിലും നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.