ന്യൂഡൽഹി :'പ്രായം വെറും അക്കം മാത്രമാണ്'. പറഞ്ഞുപഴകിയതാണെങ്കിലും ഇത് തെളിയിക്കാന്‍ വലിയൊരു വിഭാഗം മെനക്കെടാറില്ല. എന്നാല്‍, ഇക്കൂട്ടരില്‍ നിന്നും വ്യത്യസ്‌തയാവുകയാണ് ന്യൂഡൽഹിയിലെ 78 കാരി ഷീല ബജാജ്. വാര്‍ധക്യം വിശ്രമത്തിനുള്ളതാക്കാതെ ഈ പ്രായത്തില്‍ അവര്‍ വേറിട്ട വഴി തെരഞ്ഞെടുത്തു.
പഴയ 'വീഞ്ഞ്', പുതിയ കുപ്പിയില്‍
കക്ഷിയിപ്പോള്‍ ഒരു സംരഭകയാണ്. സാധ്യതകള്‍ മാത്രം മുന്നോട്ടുവയ്‌ക്കുന്ന ഇന്‍റര്‍നെറ്റും 26 കാരിയായ കൊച്ചുമകള്‍ യുക്തി ബജാജും ഒത്തുചേര്‍ന്നപ്പോഴാണ് ഷീലയ്‌ക്ക് സംരഭകമേഖലയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ ആവേശമായത്. അലങ്കാരത്തുന്നലില്‍ തീര്‍ത്ത വസ്‌ത്രങ്ങൾ, സ്വെറ്ററുകൾ, പേഴ്‌സുകൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിങ്ങനെയുള്ള ഉത്‌പന്നങ്ങള്‍ നിര്‍മിച്ചാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. കച്ചവടം പൊടിപൊടിക്കാന്‍ 'കോർട്ട് ക്രാഫ്റ്റ് ഹൺഡ്രഡ്' എന്ന സോഷ്യൽ മീഡിയ പേജുകളും മുത്തശ്ശിയ്‌ക്കായി യുക്തി തുടങ്ങിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഭാഷാവിദഗ്ധയാണ് യുക്തി ബജാജ്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ടതോടെ അക്കാലം മുതലേ മുത്തശ്ശിയോടൊപ്പമാണ് അവര്‍. കൊവിഡ് ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെയാണ് ഇവര്‍ തമ്മിലെ ബന്ധം ശക്തമായത്. ഈ സമയത്ത്, ഒന്നും ചെയ്യാതെ വീട്ടിലിരുന്ന് ബോറടിയ്‌ക്കുകയായിരുന്നു ഷീല. ഇത് മനസിലാക്കിയ യുക്തി, ഒരു 'യുക്തി' ഉപയോഗിയ്‌ക്കുകയായിരുന്നു.