ന്യൂഡല്‍ഹി:ലോക്‌സഭ സെല്‍ഫി വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എം.പി. തമാശയെന്ന നിലയിലാണ് ഈ പോസ്റ്റെന്നും വനിത എം.പിമാര്‍ അതേ സ്‌പിരിറ്റില്‍ തന്നോട് ട്വീറ്റ് ചെയ്യാന്‍ പറയുകയായിരുന്നെന്നും എം.പി പറഞ്ഞു. പാർലമെന്‍റില്‍ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിടക്കം ചർച്ചയാകുന്നതിനിടെയാണ് വനിത എം.പിമാർക്ക് ഒപ്പമുള്ള ചിത്രം തരൂര്‍ പങ്കുവച്ചത്.
' ലോക്‌സഭ, ജോലി ചെയ്യാൻ ആകർഷണീയമായ സ്ഥലമല്ലെന്ന് ആര് പറഞ്ഞു? ഇന്ന് രാവിലെ എന്‍റെ ആറ് എം.പിമാരോടൊപ്പം'. എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു സെല്‍ഫി ട്വീറ്റ്. നിങ്ങളുടെ ജോലി സ്ഥലം ആകർഷകമാക്കാൻ വേണ്ടിയുള്ള അലങ്കാര വസ്‌തുക്കളല്ല ലോക്‌സഭയിലെ സ്ത്രീകൾ. അവർ പാർലമെന്‍റേറിയന്മാരാണ്. നിങ്ങൾ അവരോട് അനാദരവ് കാണിച്ചു. നിങ്ങളുടെ സ്‌ത്രീ വിരുദ്ധതയാണ് ഈ പോസ്റ്റിലൂടെ തെളിഞ്ഞത്. എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങള്‍ വന്നതോടെയാണ് ക്ഷമാപണ പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയത്.
'ജോലിസ്ഥലത്തെ സൗഹൃദത്തില്‍ സന്തോഷം'
''വനിത എം.പിമാര്‍ മുൻകയ്യെടുത്താണ് സെല്‍ഫി എടുത്തത്. നര്‍മം ഉള്‍ക്കൊണ്ട് അതേ സ്‌പിരിറ്റില്‍ ട്വീറ്റ് ചെയ്യാൻ അവരാണ് എന്നോട് ആവശ്യപ്പെട്ടത്. ചില ആളുകളെ ഈ സെല്‍ഫി വിഷമിപ്പിച്ചതില്‍ എന്നോട് ക്ഷമിക്കണം. എന്നാൽ ജോലിസ്ഥലത്തെ സൗഹൃദത്തില്‍ പങ്കാളിയായതിൽ എനിക്ക് സന്തോഷമുണ്ട്. അത്രയേ ഉള്ളൂ''. ഇങ്ങനെയായിരുന്നു ശശി തരൂർ എം.പിയുടെ വിശദീകരണം.
ALSO READ:Bill To Cancel Farm Laws: കാര്‍ഷിക നിയമം അസാധുവാക്കൽ ബില്‍ പാര്‍ലമെന്‍റില്‍ പാസായി
മഹാരാഷ്ട്രയിൽ നിന്നുള്ള എൻ.സി.പി എം.പി സുപ്രിയ സുലേ, അമരീന്ദർ സിങിന്‍റെ ഭാര്യയും പഞ്ചാബിൽ നിന്നുള്ള എം.പിയുമായ പ്രണീത് കൗർ, തമിഴ്‌നാട്ടിൽ നിന്നുള്ള ഡി.എം.കെ എം.പിയായ തമിഴാച്ചി തങ്കപാഢ്യൻ, ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പിയും നടിയുമായ നുസ്രത്ത് ജഹാൻ, തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം.പിയായ ജ്യോതിമണി സെന്നിമലൈ, നടിയും ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പിയുമായ മിമി ചക്രബർത്തി എന്നിവരാണ് തരൂരിനൊപ്പമുള്ള സെല്‍ഫിയില്‍ ഉണ്ടായിരുന്നത്.