ന്യൂഡൽഹി:കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ട് ഒരു മണിക്കൂറോളം മരവിപ്പിച്ചെന്ന വാർത്ത വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ അക്കൗണ്ടും താൽക്കാലികമായി മരവിപ്പിച്ച് ട്വിറ്റർ. ഇരു നേതാക്കളുടെയും അക്കൗണ്ട് ബ്ലോക്ക് ചെയ്‌ത സംഭവത്തിൽ ട്വിറ്റർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ഐടി വകുപ്പിന്‍റെ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ കൂടിയായ ശശി തരൂർ അറിയിച്ചു.
ട്വിറ്ററിന്‍റെ നീക്കം ഐടി നിയമങ്ങളുടെ ലംഘനം
യുഎസിന്‍റെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമം (ഡിഎംസിഎ) ലംഘിച്ചുവെന്നാരോപിച്ച് ട്വിറ്റർ തന്‍റെ അക്കൗണ്ട് മരവിപ്പിച്ചതായി രവിശങ്കർ പ്രസാദ് നേരത്തേ അറിയിച്ചിരുന്നു. ഐടി നിയമങ്ങളുടെ കടുത്ത ലംഘനമാണ് ട്വിറ്ററിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അതിന് പിന്നാലെയാണ് സമാന വിഷയം ആരോപിച്ച് തരൂർ രംഗത്ത് വന്നിരിക്കുന്നത്.
Read more:ഐടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ
ഡിഎംസിഎ ട്വിറ്റർ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടി
ബോണി എമ്മിന്‍റെ "റസ്‌പുട്ടിൻ" ഗാനത്തിന് ഒരു പെൺകുട്ടി ചുവടുവയ്‌ക്കുന്ന വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് കോപ്പിറൈറ്റ് പ്രശ്‌നം ആരോപിച്ച് തന്‍റെ അക്കൗണ്ടും മരവിപ്പിച്ചതെന്ന് തരൂർ വ്യക്തമാക്കി. അതേസമയം ട്വിറ്റർ ഇന്ത്യയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാകില്ലെന്നും ഡിഎംസിഎയുടെ നിയമം അനുസരിക്കുക മാത്രമാണ് അവർ ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ നിയമത്തിന് പകരം യുഎസ് നിയമം പിന്തുടരുന്നതിന്‍റെ സാങ്കേതികത്വവും അദ്ദേഹം ചോദ്യം ചെയ്‌തു. ഇത് ഇന്ത്യയിലെ ട്വിറ്ററിന്‍റെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ട് മരവിപ്പിച്ചത് ഒരുമണിക്കൂറോളം
ഏകദേശം ഒരുമണിക്കൂറോളമാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത്. പിന്നീട് ആ വിലക്ക് ട്വിറ്റർ നീക്കുകയായിരുന്നു. പ്രവേശന അനുമതി ലഭിച്ചപ്പോൾ മന്ത്രി തന്നെയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം അറിയിച്ചത്.
പകർപ്പവകാശ പ്രശ്നം ഉണ്ടെന്നും ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ ആക്റ്റ് അനുസരിച്ച് മറ്റൊരു ട്വിറ്റർ ഉപയോക്താവ് രജിസ്റ്റർ ചെയ്ത പകർപ്പവകാശ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതെന്നും ട്വിറ്ററിൽ അറിയിച്ചിരുന്നു.