ന്യൂഡല്‍ഹി:ശശി തരൂർ, പരിചിതമല്ലാത്ത പല ഇംഗ്ലീഷ് വാക്കുകളും ട്വിറ്ററില്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ അദ്ദേഹം അവതരിപ്പിച്ച ഒരു വാക്കായിരുന്നു കോക്കര്‍വോഡ്‌ജര്‍ (quockerwodger). സ്വാധീന ശക്‌തിയുള്ള ഒരാളുടെ താളത്തിന് ഒത്ത് തുള്ളുന്ന മരപ്പാവ എന്നാണ് ഈ വാക്കിന്‍റെ അര്‍ഥം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും അൻപത് വർഷത്തോളം ഇന്ത്യ ഭരിച്ചിരുന്നതുമായ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താനൊരു കോക്കര്‍വോഡ്‌ജര്‍ അല്ല എന്ന് തെളിയിക്കാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്.
നെഹ്‌റു കുടുംബത്തിന്‍റെ അപ്രീതി ഭയന്ന് പലരും അവരുടെ പിന്തുണയില്ലാതെ മല്‍സര രംഗത്ത് ഇറങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ശശി തരൂര്‍ അതിന് അപവാദമായി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നാണ് (30.09.2022) ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന് സ്ഥിരം ദേശീയ അധ്യക്ഷന്‍ വേണമെന്നും സംഘടന രംഗം കൂടൂതല്‍ ജനാധിപത്യമാകണമെന്നും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചവരാണ് ജി23 നേതാക്കളില്‍ ഒരാളാണ് ശശി തരൂര്‍.
നെഹ്‌റു കുടുംബത്തിന്‍റെ പിന്തുണയുള്ള മല്ലികാര്‍ജുൻ ഖാര്‍ഗെയാണ് തരൂരിന്‍റെ എതിരാളി. വിജയമോ പരാജയമോ ഇവിടെ പ്രസക്‌തമല്ലെന്നും കോൺഗ്രസ് പാർട്ടിയെ കൂടുതല്‍ ജനാധിപത്യവത്‌കരിക്കുകയാണ് ലക്ഷ്യമെന്നും തരൂർ വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാകാന്‍ കോണ്‍ഗ്രസ് എത്ര സമയമെടുക്കുന്നുവോ അത്രയും അപകടം കൂടുതലാണ് തങ്ങളുടെ പരമ്പരാഗത വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കൈവിട്ട് മറ്റ് പാര്‍ട്ടികളുടെ പിന്തുണക്കാരായി മാറാന്‍. അതുകൊണ്ടാണ് സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം കോണ്‍ഗ്രസില്‍ വേണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂരിന്‍റെ പ്രഫഷണല്‍ ജീവിതവും രാഷ്‌ട്രീയ ചരിത്രവും പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. മറികടക്കാന്‍ അസാധ്യമായ പ്രതിബന്ധങ്ങള്‍ പോലും മല്‍സരത്തില്‍ നിന്ന് ശശി തരൂരിനെ പിന്നോട്ടടിപ്പിക്കില്ല എന്നതാണ് അത്. യുഎന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍റെ മല്‍സരമൊക്കെ അത്തരത്തിലുള്ളതായിരുന്നു.
തരൂർ വിശ്വപൗരനിലേക്ക്: 1956ല്‍ ലണ്ടനിലാണ് ശശി തരൂര്‍ ജനിക്കുന്നത്. പ്രശസ്‌തമായ ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍ കോളജില്‍ നിന്നാണ് ശശി തരൂര്‍ ചരിത്രത്തില്‍ ബിരുദം നേടുന്നത്. സെന്‍റ് സ്റ്റീഫനില്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. യുഎസിലെ ഫെല്‍ച്ചര്‍ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദവും പിഎച്ച്‌ഡിയും കരസ്ഥമാക്കി.
യുഎന്‍ സെക്രട്ടറി ജനറലിന്‍റെ മുഖ്യ ഉപദേഷ്‌ടാവ് എന്ന നിലയിലും ഐക്യരാഷ്‌ട്രസഭയുടെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്‍റെ അണ്ടര്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശീത യുദ്ധാനന്തര ലോകത്തെ പല സമാധാന ദൗത്യങ്ങളിലും തരൂരിന്‍റെ പങ്ക് വലുതാണ്. 2006ലെ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനര്‍ഥിയായിരുന്നു ശശി തരൂര്‍. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ദക്ഷിണ കൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ബാന്‍ കി മൂണാണ് .