ന്യൂയോർക്ക്:ജി20 ഉച്ചകോടിയിലെ ന്യൂഡൽഹി പ്രഖ്യാപനത്തെ (New Delhi Declaration at G20) അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്‌താവനയിൽ സമവായത്തിലെത്താൻ ചൈനയുമായും റഷ്യയുമായും ചർച്ച നടത്തിയതിന് ജി20 ഷെർപ അമിതാബ് കാന്തിനെയും തരൂർ അഭിനന്ദിച്ചു. ഡൽഹി പ്രഖ്യാപനം നിസംശയമായും ഇന്ത്യയുടെ നയതന്ത്ര വിജയത്തെ പ്രതിനിധീകരിക്കുന്നതാണെന്നാണ് എഎൻഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തരൂർ പറഞ്ഞത് (Shashi Tharoor on New Delhi Declaration at G20).
നിസംശയമായും ഡൽഹി പ്രഖ്യാപനം ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. ഇതൊരു മികച്ച നേട്ടമാണ്. രാജ്യതലസ്ഥാനത്ത് ജി20 വിളിച്ചുകൂട്ടുന്നത് വരെ സംയുക്ത പ്രസ്‌താവനയിൽ അംഗങ്ങൾക്കിടയിൽ ധാരണയുണ്ടാകില്ല. അതിനാൽ ഒരു സംയുക്ത ആശയവിനിമയം സാധ്യമാകില്ലെന്നും ചെയർമാന്‍റെ പൊതുവായ തീരുമാനത്തിൽ സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നേക്കാം എന്നുമായിരുന്നു വിലയിരുത്തൽ.
'റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെ അപലപിക്കണമെന്ന് ആഗ്രഹിക്കുന്നവരും റഷ്യയെയും ചൈനയെയും പോലെ ആ വിഷയത്തിൽ ഒരു ചർച്ചയും ആഗ്രഹിക്കാത്തവരും തമ്മിലുള്ള അന്തരമായിരുന്നു സംയുക്തമായ പ്രസ്‌താവനയിൽ സമവായമില്ലാതിരിക്കാനുണ്ടായിരുന്ന പ്രധാന കാരണം. ആ വിടവ് നികത്തുന്നതിന് ആവശ്യമായ സാങ്കേതികമായ പ്രതിവിധി കണ്ടെത്തുന്നതിൽ ഇന്ത്യ വിജയിച്ചു. അതൊരു സുപ്രധാന നയതന്ത്ര നേട്ടമായിട്ടാണ് കാണേണ്ടത്. കാരണം സംയുക്തമായ ഒരു വിജ്ഞാപനമില്ലാതെ ഒരു ഉച്ചകോടി നടക്കുമ്പോൾ അത് എല്ലായ്‌പ്പോഴും ചെയർമാന്‍റെ പരാജയമായിട്ടാണ് വിലയിരുത്തുന്നത്' -ന്യൂഡൽഹി പ്രഖ്യാപനത്തിൽ എല്ലാ അംഗരാജ്യങ്ങളെയും സമവായത്തിലെത്തിച്ചതിൽ പ്രശംസിച്ചുകൊണ്ട് തരൂർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടിയുടെ നടത്തിപ്പിനെക്കുറിച്ച് തരൂർ പ്രതികരിച്ചത് ഇങ്ങനെയാണ്. മുൻവർഷങ്ങളിൽ ആതിഥേയത്വം വഹിച്ച രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായിട്ടാണ് ഇന്ത്യ ജി20 ഉച്ചകോടി സംഘടിപ്പിച്ചത്. 58 നഗരങ്ങളിൽ 200 യോഗങ്ങൾ സംഘടിപ്പിച്ച സർക്കാർ ഇതിനെ രാജ്യവ്യാപകമായ ഒരു പരിപാടിയാക്കി മാറ്റി. ആഗോള നേതാക്കൻമാരുടെ യോഗത്തിൽ നിന്ന് ഉച്ചകോടിയെ 'ജനങ്ങളുടെ ഉച്ചകോടി' എന്നാക്കിമാറ്റി. ജി20യുടെ സന്ദേശം രാജ്യത്തെ മുഴുവൻ ജനങ്ങളിലേക്കും എത്തിച്ചതിനുള്ള വലിയൊരു പങ്ക് ഇന്ത്യക്ക് തന്നെയാണ്. എന്നാൽ ജി20യെ അവർക്ക് ഒരു മുതൽക്കൂട്ടാക്കി മാറ്റാനുള്ള ഭരണകക്ഷിയുടെ ശ്രമം കൂടിയായിരുന്നു അത്.
ജി20 യുടെ ഉദ്‌ഘാടന ദിനത്തിൽ അംഗങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മികച്ച രീതിയിൽ ആദ്യ ദിനത്തിലെ സെഷനുകൾ നയിച്ച മോദി പൊതുവായ തീരുമാനത്തിലെത്തുന്നതിനും എല്ലാ ജി20 അംഗങ്ങൾക്കും മറ്റ് പങ്കാളികൾക്കും ഇടയിൽ ഒരു സമവായം ഉണ്ടാക്കുന്നതിനുമായി പ്രവർത്തിച്ച ഷെർപ്പകളെയും മന്ത്രിമാരെയും അഭിനന്ദിച്ചു.
ഇന്നലെ ജി20 ഉച്ചകോടിയുടെ സമാപന യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണത്തിനായുള്ള പ്രീമിയർ ഫോറത്തിലെ ആശയങ്ങളും നിർദേശങ്ങളും അവലോകനം ചെയ്യുന്നതിനായി നവംബറിൽ ഒരു വെർച്വൽ ജി20 സെഷൻ നടത്താനുള്ള നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പല രാജ്യങ്ങളും ജി20 സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്, എന്നാൽ ഒരു ഭരണകക്ഷിയും അവരുടെ നേതൃത്വത്തെ ഇത്തരത്തിൽ ആഘോഷിച്ചിട്ടില്ല. ഡൽഹിയിലെ ഒരോ 50 മീറ്ററിലും വിശ്വഗുരു സങ്കൽപ്പത്തിലാണ് മോദിയുടെ പോസ്റ്ററുകൾ മുഴുവനും പതിച്ചിരിക്കുന്നത്. മോദിയുടെയും ബിജെപി സർക്കാരിന്‍റെയും വ്യക്തിപരമായ നേട്ടം പോലെയാണ് ജി20യുടെ പരസ്യങ്ങൾ പുറത്തിറക്കുന്നത്. ഇത് രാജ്യത്തിന്‍റെ പല കോണിൽനിന്നും വിമർശനങ്ങൾക്ക് കാരണമായതായി കരുതുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.