ഗുവാഹത്തി :കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ പിന്തുണയ്‌ക്കുമ്പോള്‍ യുവജനങ്ങളുടെയും താഴെത്തട്ടിലുള്ളവരുടെയും പിന്തുണ തനിക്കുണ്ടെന്ന് സ്ഥാനാർഥി ശശി തരൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഗുവാഹത്തിയില്‍ വിളിച്ചുചേര്‍ത്ത വാർത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. പാർട്ടിയുടെ രക്തത്തിലൂടെ ഗാന്ധി കുടുംബത്തിന്‍റെ ഡിഎൻഎ ഒഴുകുന്നതിനാൽ അവരുമായി അകലം പാലിച്ച് ഒരു കോൺഗ്രസ് അധ്യക്ഷനും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും തരൂർ പറഞ്ഞു.
'എനിക്ക് യുവ വോട്ടർമാരുടെ പിന്തുണയുണ്ട്. താഴേത്തട്ടിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മുതിർന്നവർ ഖാർഗെയെ പിന്തുണയ്‌ക്കുന്നു. ഞങ്ങൾ മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മുതിർന്ന നേതാക്കൾ അതിനെ ചെറുക്കുന്നു' - തരൂർ പറഞ്ഞു. പല പാർട്ടി ഭാരവാഹികളും ഖാർഗെയ്‌ക്ക് വേണ്ടി പരസ്യ പ്രചാരണം നടത്തുന്നുണ്ടെന്ന് പറഞ്ഞ തരൂർ രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും മുതിർന്ന നേതാവിന്‍റെയും താഴെത്തട്ടിലുള്ള അംഗത്തിന്‍റെയും വോട്ടിന്‍റെ മൂല്യം തുല്യമാണെന്നും ചൂണ്ടിക്കാട്ടി.