ന്യൂഡല്‍ഹി:'കേരള സ്‌റ്റോറി' യാഥാര്‍ഥ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാന്‍ കേരളീയര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വിലപ്പോവില്ലെന്നും അത് ദുരുപയോഗം ചെയ്യപ്പെടുമെന്നുമുള്ളതിനാല്‍ സിനിമ നിരോധിക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 32,000 മലയാളികൾ മതം മാറി സിറിയയിലേക്ക് പലായനം ചെയ്‌തുവെന്ന ആരോപണം തെളിയിച്ചാൽ ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന മുസ്‌ലിം യൂത്ത് ലീഗിന്‍റെ പോസ്റ്റർ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു തരൂരിന്‍റെ പ്രതികരണം.
ട്വീറ്റും വിശദീകരണ ട്വീറ്റുമായി തരൂര്‍:32,000 സ്‌ത്രീകളെ ഇസ്‌ലാമിസത്തിലേക്ക് മതംമാറ്റിയെന്ന് ആരോപിച്ച് പ്രചരിപ്പിക്കുന്ന എല്ലാവർക്കും ഇപ്പോൾ അവസരമുണ്ട്. അവരുടെ വാദം തെളിയിക്കാനും കുറച്ച് പണം സമ്പാദിക്കാനും. അവർ വെല്ലുവിളി ഏറ്റെടുക്കുമോ അതോ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ തെളിവില്ലെന്നറിയിക്കുമോ എന്ന് ശശി തരൂര്‍ പറഞ്ഞു. 'നമ്മുടെ കേരളത്തിന്‍റെ കഥയല്ല' എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
എന്നാല്‍ തൊട്ടുപിന്നാലെ മറ്റൊരു ട്വീറ്റുമായും അദ്ദേഹമെത്തി. ഞാൻ ഊന്നിപ്പറയുന്നു, സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ അത് വിലപ്പോവില്ല. എന്നാൽ ഇത് ഞങ്ങളുടെ യാഥാർഥ്യത്തെ തെറ്റായി ചിത്രീകരിക്കലാണെന്ന് ഉച്ചത്തിലും വ്യക്തമായും പറയാൻ കേരളീയർക്ക് എല്ലാ അവകാശവുമുണ്ട് എന്ന് തരൂര്‍ കുറിച്ചു. ഇത് 'നിങ്ങളുടെ' കേരള സ്‌റ്റോറി ആവാം. ഞങ്ങളുടെ കേരള സ്‌റ്റോറി അല്ല എന്ന് കഴിഞ്ഞദിവസവും തരൂര്‍ അറിയിച്ചിരുന്നു.
എന്താണ് കേരള സ്‌റ്റേറി:ആദ ശര്‍മ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കേരള സ്‌റ്റോറി മെയ് അഞ്ചിനാണ് റിലീസിനെത്തുന്നത്. സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്‌ത്രീകളുടെ പിന്നിലെ സംഭവവികാസങ്ങളെ ചുറ്റിപറ്റിയാണ് ചിത്രീകരിച്ചിരിക്കുന്നത്. വിപുൽ അമൃത്‌ലാൽ ഷായുടെ സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് 'ദി കേരള സ്റ്റോറി' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്‍റെ നിർമാതാവും ക്രിയേറ്റീവ് ഡയറക്‌ടറും സഹരചയിതാവും വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ്. 'ആസ്മ', 'ലക്‌നൗ ടൈംസ്', 'ദി ലാസ്‌റ്റ് മോങ്ക്' എന്നിവയാണ് കേരള സ്‌റ്റോറിയുടെ സംവിധായകനായ സുദിപ്‌തോ സെന്നിന്‍റെ മറ്റ് ചിത്രങ്ങള്‍.
വിമര്‍ശനം ശക്തം:സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയ 'ദ കേരള സ്‌റ്റോറി' യുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകവെ, 32,000 സ്‌ത്രീകളെ മതം മാറ്റി ഐഎസിൽ ചേർത്തെന്ന ചിത്രത്തിന്‍റെ ഉള്ളടക്കത്തിൽ പ്രതികരണവുമായി അഭിഭാഷകനും നടനുമായ സി ഷൂക്കൂർ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ മതം മാറിയ സ്‌ത്രീകളിൽ 32,000 ഇല്ലെങ്കിലും 32 പേരുടെയെങ്കിലും പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് 11 ലക്ഷം രൂപയും അഭിഭാഷകൻ വാഗ്‌ദാനം ചെയ്‌തിരുന്നു. അടുത്തിടെ സ്‌പെഷ്യൽ മാരേജ് ആക്‌റ്റിലൂടെ ഭാര്യയെ പുനർവിവാഹം ചെയ്‌ത് ജനശ്രദ്ധ നേടിയയാളാണ് അഡ്വ. സി.ഷുക്കൂർ. അതേസമയം കേരള സർക്കാരും പ്രതിപക്ഷവും കേരള സ്‌റ്റോറിയെ പൂർണമായും തള്ളി മുമ്പേ രംഗത്തെത്തിയിരുന്നു.