മാഡ്രിഡ് :ഗുസ്‌തി താരങ്ങളുടെ സമരത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. വിഷയത്തില്‍ ബിജെപി സ്വീകരിച്ചത് ധാര്‍മികമായി അംഗീകരിക്കാനാകാത്ത നിലപാടാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌പെയിനിലെ വല്ലാഡോലിഡിലെ ജയ്‌പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ (ജെഎല്‍എഫ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുസ്‌തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്‌തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍റെ സമീപനം തീര്‍ത്തും അസ്വീകാര്യമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
സര്‍ക്കാറിന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കാന്‍ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ഇനിയും ക്ഷമയില്ല. വിഷയം രാജ്യം മുഴുവന്‍ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്‍റെ മൗനവും സമീപനവും തികച്ചും അംഗീകരിക്കാനാകാത്തതാണ്. ഇതില്‍ ഗൗരവകരമായ അന്വേഷണം ഉണ്ടാകണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
നിലവില്‍ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവരുൾപ്പടെ രാജ്യത്തെ പ്രമുഖ ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ സമരം തുടരുകയാണ്. അതേസമയം കേസില്‍ ഡല്‍ഹി പൊലീസിന്‍റെ അന്വേഷണം പൂര്‍ത്തിയാകുന്ന ജൂണ്‍ 7 വരെ പ്രതിഷേധ സമരം നിര്‍ത്തി വയ്‌ക്കാന്‍ താരങ്ങള്‍ സമ്മതിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും സമരവുമായി താരങ്ങളെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് എതിരെയും പരാമര്‍ശം : ഡല്‍ഹി സര്‍ക്കാറിന്‍റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ ഓര്‍ഡിനന്‍സിന് എതിരെയും ശശി തരൂര്‍ എംപി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമായ പ്രവൃത്തിയാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. ഭരണ ഘടനാപരമായി പരിഹരിക്കേണ്ട പ്രശ്‌നമാണിതെന്നാണ് വ്യക്തിപരമായ കാഴ്‌ചപ്പാട്. എന്നാല്‍ രാജ്യത്തിന്‍റെ മുഴുവന്‍ അധികാരവുമുള്ള ബിജെപി സര്‍ക്കാറിന് അവരുടെ വഴിക്ക് പോകാമെന്നതും സത്യമാണ്. രാജ്യത്തെ നിലവിലെ സാഹചര്യം തികച്ചും അസാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തക്കുറിച്ചും പ്രതികരണം : മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം ചെയ്‌തു. എന്നാല്‍ രാഷ്‌ട്രപതിയെ ഒഴിവാക്കിയുള്ള പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം ഏറെ ആശ്ചര്യകരമാണ്. ഇക്കാര്യത്തില്‍ ബിജെപിയ്‌ക്ക് കൃത്യമായ വിശദീകരണം ഇല്ലെന്നും തരൂര്‍ പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി അടക്കമുള്ള നേതാക്കള്‍ ട്വിറ്ററില്‍ വിമര്‍ശനവുമായെത്തിയിരുന്നു. 100 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം സ്ഥാപിക്കുന്നത്. അടുത്ത 100 വര്‍ഷത്തേക്ക് ഈ മന്ദിരം ഉണ്ടാകും. എന്നാല്‍ ഉദ്‌ഘാടന ചടങ്ങില്‍ നിന്ന് രാഷ്‌ട്രത്തലവയെ ഒഴിവാക്കിയത് കടുത്ത നിയമ ലംഘനമാണെന്നും ശശി തരൂര്‍ എംപി കൂട്ടിച്ചേര്‍ത്തു.
also read:'ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യാന്‍ ഒരാഴ്‌ച സമയം'; നടപടിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് രാകേഷ് ടിക്കായത്ത്