ന്യൂഡല്‍ഹി: നെറ്റ് (NET) ഇതര ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപ്പന്‍റ് വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യാര്‍ഥിച്ച് ശശി തരൂര്‍ എംപി. ഗവേഷണത്തിലും വികസനത്തിലും രാജ്യത്തിന്‍റെ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഇത്തരം ഗവേഷകരെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍ എംപി (Shashi Tharoor MP).
നെറ്റ് ഇതര ഗവേഷക വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും ഇത്തരം സ്ഥാപനങ്ങളില്‍ പരാതി പരിഹാര സമിതികളുടെ അഭാവം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണം. മാത്രമല്ല കാലതാമസം ഒട്ടുമില്ലാതെ സ്റ്റൈപ്പന്‍ഡ് വിതരണം ചെയ്യണമെന്നും അതില്‍ മുടക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു (Lok Sabha zero hour).
നെറ്റ് ഇതര ഗവേഷക വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പെന്‍ഡുമായി ബന്ധപ്പെട്ടുള്ള ദുരവസ്ഥയിലേക്ക് വിദ്യാഭ്യാസ മന്ത്രിയുടെയും യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍റെയും ശ്രദ്ധ ക്ഷണിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (NET PhD research).
ഇവര്‍ യുജിസി വഴി സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത ഗവേഷകരാണ്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് 8000 രൂപയാണ് പ്രതിമാസം സ്റ്റൈപ്പന്‍ഡായി ലഭിക്കുന്നത്. സയന്‍സ് വിഷയങ്ങള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപയും ഹ്യൂമാനിറ്റിസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രതിവര്‍ഷം 8,000 രൂപയുമാണ് ലഭിക്കുന്നത്. ഏകദേശം 2006 മുതല്‍ ഇതേ നിലയില്‍ തന്നെയാണ് സ്റ്റൈപ്പന്‍ഡ് ലഭ്യമാക്കുന്നത് (UGC-NET Exam).