ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ വെള്ളിയാഴ്‌ച പാർട്ടി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ ഓഫിസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രിക്കാണ് തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ പത്രിക സമർപ്പിച്ചത്. രാവിലെ(സെപ്‌റ്റംബര്‍ 30) രാജ്‌ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരം അർപ്പിച്ചശേഷമാണ് തരൂർ പത്രിക സമർപ്പിച്ചത്.
'ഇന്ത്യ ഒരു പഴയ രാജ്യമാണ്, എന്നാൽ ഒരു യുവ രാഷ്‌ട്രമാണ്. ശക്തവും സ്വതന്ത്രവും സ്വാശ്രയവും സേവനത്തിൽ ലോക രാഷ്‌ട്രങ്ങളിൽ മുൻ നിരയിൽ നിൽക്കുന്നതുമായ ഒരു ഇന്ത്യയെ ഞാൻ സ്വപ്‌നം കാണുന്നു' മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പരാമർശിച്ചുകൊണ്ട് തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് കേരളത്തിൽ നിന്ന് തരൂരിന് വലിയ പിന്തുണയാണ് ലഭിച്ചത്.