ന്യൂഡല്‍ഹി: മുന്‍ പാകിസ്ഥാന്‍ പ്രസിഡന്‍റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് താന്‍ നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കാര്‍ഗില്‍ യുദ്ധമടക്കമുള്ള കാര്യങ്ങള്‍ക്ക് ഉത്തരവാദി എന്ന നിലയില്‍ പര്‍വേസ് മുഷറഫ് നമ്മുടെ കറകളഞ്ഞ ശത്രുവായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല എന്ന് ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ 2002ന് ശേഷം കാര്യങ്ങള്‍ വ്യത്യസ്‌തമായിരുന്നു.
പര്‍വേസ് മുഷറഫിനെ കുറിച്ചുള്ള ട്വീറ്റിനെ ന്യായീകരിച്ച് ശശി തരൂര്‍; വാജ്‌പേയിയും മുഷറഫും ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ഓര്‍മപ്പെടുത്തല്‍ - ശശി തരൂര്‍ വാര്‍ത്തകള്‍
പര്‍വേസ് മുഷറഫ് ഒരു കാലത്ത് ഇന്ത്യയുടെ കറകളഞ്ഞ ശത്രുവായിരുന്നു എന്നും എന്നാല്‍ പിന്നീട് മുഷറഫ് സമാധാനത്തിനായി പ്രവര്‍ത്തിച്ചു എന്നും ശശി തരൂര്‍ പറഞ്ഞു
അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് പര്‍വേസ് മുഷറഫ് നേതൃത്വം കൊടുത്ത പാകിസ്ഥാന്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടത്. വാജ്‌പേയിയും പര്‍വേസ് മുഷറഫും സംയുക്ത പ്രസ്‌താവന ഇറക്കിയതാണ്. അതുകൊണ്ട് തന്നെ ആ കാലത്തെ നയങ്ങളില്‍ അവരുടെ തന്നെ പ്രധാനമന്ത്രിയെ ബിജെപി ആക്രമിക്കാന്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ല.
പര്‍വേസ് മുഷറഫിനെ അനുസ്‌മരിക്കുന്ന സമയത്ത് അദ്ദേഹം ഇന്ത്യയുടെ ശത്രുവായിരുന്നു എന്നുള്ള കാര്യവും പിന്നീട് സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നുള്ള കാര്യവും പറഞ്ഞിട്ടുണ്ട് എന്നും ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുവേണ്ടിയുള്ള യഥാര്‍ഥ ശക്തിയായിരുന്നു മുഷറഫ് എന്ന ശശി തരൂറിന്‍റെ ട്വീറ്റിനെയാണ് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചത്.