ന്യൂഡൽഹി :ലോക്‌സഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ജ്യോതിരാദിത്യ സിന്ധ്യ ഹിന്ദിയിൽ മറുപടി പറഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തരൂർ ഇംഗ്ലീഷിൽ ചോദിച്ച ചോദ്യത്തിന് ഹിന്ദിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രി മറുപടി നൽകിയത്.
തമിഴ്‌നാട്ടിൽ നിന്നുള്ള അംഗങ്ങൾ ഇംഗ്ലീഷിൽ ചോദിച്ച അനുബന്ധ ചോദ്യങ്ങൾക്കും ബിജെപി എംപി കൂടിയായ സിന്ധ്യ ഹിന്ദിയിൽ മറുപടി നൽകി. പിന്നാലെ, മന്ത്രി ഹിന്ദിയിൽ പ്രതികരിച്ചത് തങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു.
ALSO READ:'നാല് റൗണ്ട് നിറയൊഴിച്ചു' ; അസദുദ്ദീന്‍ ഒവൈസിക്കുനേരെ വെടിവയ്പ്പ്
"അദ്ദേഹത്തിന് ഇംഗ്ലീഷ് നന്നായി അറിയാം, ഇംഗ്ലീഷില്‍ തന്നെ മറുപടി നല്‍കട്ടെ. സാരേ ജവാബ് ഹിന്ദി മേം മത് ദീജിയേ… യേ അപമാന്‍ ഹേ ലോഗോം കാ (ദയവായി ഹിന്ദിയിൽ മറുപടികൾ നൽകരുത്. ഇത് ആളുകളെ അപമാനിക്കുന്നതിന് തുല്യമാണ്) എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.
അതേസമയം ഉത്തരവാദിത്തപ്പെട്ട ഒരാളില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശം ഉണ്ടായത് വളരെ അത്ഭുതമാണെന്നായിരുന്നു സിന്ധ്യയുടെ മറുപടി. ഞാന്‍ ഹിന്ദിയില്‍ സംസാരിക്കുന്നതിന് എന്തെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ചോദിച്ച അദ്ദേഹം സഭയ്ക്കുള്ളില്‍ ട്രാന്‍സ്‌ലേറ്റര്‍ ഉണ്ടെന്നും ഓര്‍മപ്പെടുത്തി.
മുൻ പാർട്ടി സഹപ്രവർത്തകർക്കിടയിലെ ഹിന്ദി തർക്കം സഭയിൽ കോളിളക്കം സൃഷ്‌ടിച്ചതോടെ സ്‌പീക്കര്‍ ഓം ബിര്‍ള ഇടപെട്ട് സിന്ധ്യയെ ഹിന്ദിയില്‍ തന്നെ തുടരാനനുവദിക്കുകയായിരുന്നു.