ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ബിജെപിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിൽ ഏർപ്പെടുകയാണ് കോണ്‍ഗ്രസ്. പാർലമെന്‍റിനകത്തും പുറത്തും ശക്തമായ വാക്പോരിനിടയിലും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂർ. കാൻസർ രോഗിയായ കുഞ്ഞിനായി വിദേശത്ത് നിന്ന് വരുത്തിയ മരുന്നിന് ജിഎസ്‌ടി ഇളവ് അനുവദിച്ച് നൽകിയതിനാണ് തരൂർ ധനമന്ത്രിക്ക് നന്ദി അറിയിച്ചത്.
ശശി തരൂരിന്‍റെ പോസ്റ്റ്: 'ഹൈ-റിസ്‌ക് ന്യൂറോബ്ലാസ്റ്റോമ (Neuroblastoma) എന്ന അപൂർവമായ അർബുദം ബാധിച്ച തങ്ങളുടെ പെൺകുഞ്ഞിന്‍റെ സഹായം തേടി ഒരു യുവ ദമ്പതികൾ എന്നെ സമീപിച്ചു. ദിനുതുക്‌സിമാബ് ബീറ്റ (ഖർസിബ) Dinutuximab Beta (Qarziba) എന്ന മരുന്ന് ലഭിച്ചാൽ മാത്രമേ തങ്ങളുടെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനാകൂ എന്ന് തങ്ങളുടെ ദുരവസ്ഥ വിവരിച്ചുകൊണ്ട് മാതാപിതാക്കൾ പറഞ്ഞു. ഇതിന്‍റെ ഒരു ഡോസ് മരുന്നിന് 10 ലക്ഷം രൂപ ചെലവാകും.
കുഞ്ഞിന്‍റെ ഇമ്മ്യൂണോതെറാപ്പി സൈക്കിളിന്‍റെ ആകെ ചെലവ് ഏകദേശം 63 ലക്ഷം രൂപയാണ്. ഒടുവിൽ മാതാപിതാക്കൾ മരുന്നിനായുള്ള പണം സ്വരൂപിച്ചു. എന്നാൽ വിദേശത്ത് നിന്ന് മരുന്ന് ഇറക്കുമതി ചെയ്‌തതിന് പിന്നാലെ ഏഴ് ലക്ഷം രൂപ ജിഎസ്‌ടിയായി നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ജിഎസ്‌ടി അടയ്‌ക്കുന്നതുവരെ മരുന്നുകൾ വിട്ടുനൽകാൻ കസ്റ്റംസ് തയ്യാറായില്ല. ഇതോടെ ജീവൻരക്ഷ മരുന്ന് മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി.
തുടന്ന് കുഞ്ഞിന്‍റെ മാതാപിതാക്കൾ സഹായം തേടി എത്തി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജിഎസ്‌ടിയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 15ന് ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. എന്നാൽ കത്ത് ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടാതെ പോയതിനെത്തുടർന്ന് താൻ ധനമന്ത്രിയെ നേരിട്ട് വിളിച്ച് കാര്യം അവതരിപ്പിക്കുകയായിരുന്നു എന്നും തരൂർ വ്യക്‌തമാക്കി.
കസ്റ്റംസിന്‍റെ കസ്റ്റഡിയിലിരിക്കുന്ന മരുന്നിന്‍റെ കാലാവധി ഉടൻ കഴിയുമെന്നും തുടർന്ന് അത് ഉപയോഗ ശൂന്യമാകുമെന്നും കുഞ്ഞിന്‍റെ ജീവൻ ധനമന്ത്രിയുടെ അധികാരം ഉടനടി വിനിയോഗിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഫോണിലൂടെ വ്യക്‌തമാക്കി. ഫോണ്‍ കട്ട് ചെയ്‌ത് അര മണിക്കൂറിനുള്ളിൽ നിർമല സീതാരാമന്‍റെ പേഴ്‌സണൽ സെക്രട്ടറി സെർന്യ ബൂട്ടിയയിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചു.
സ്ഥിതിഗതികൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സ് ആന്‍റ് കസ്റ്റംസുമായി ചർച്ച ചെയ്‌തിട്ടുണ്ടെന്നും മാർച്ച് 26 ന് വൈകുന്നേരം 7 മണി വരെ ജീവൻ രക്ഷാ കുത്തിവയ്പ്പുകൾ പുറത്തിറക്കുന്നതിൽ ജിഎസ്‌ടി ഇളവ് അനുവദിച്ചതായും ധനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി അറിയിക്കുകയായിരുന്നു. ആ കുടുംബത്തിന് മരുന്ന് ലഭിക്കും, കുഞ്ഞ് ജീവിക്കും. ഒരു ചെറിയ കുട്ടിക്ക് ജീവിതവും സന്തോഷവും ലഭിക്കുന്നതിന് ഞങ്ങളുടെ ഖജനാവ് ജിഎസ്‌ടി വരുമാനത്തിൽ എഴ് ലക്ഷം രൂപ ത്യജിക്കും. തരൂർ കുറിച്ചു.
'എന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും രാഷ്ട്രീയത്തിൽ ചെലവഴിക്കുമോ എന്ന സംശയം എന്നെ അലട്ടുമ്പോഴെല്ലാം, ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുകയും അതെല്ലാം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. നന്ദി നിർമ്മലാജി, നന്ദി സെർന്യ, നന്ദി, വിവേക്. ഗവൺമെന്‍റിലും രാഷ്ട്രീയത്തിലും എല്ലാറ്റിനുമുപരിയായി മനുഷ്യത്വത്തിലും നിങ്ങൾ എന്‍റെ വിശ്വാസം ഉറപ്പിച്ചു. ജയ് ഹിന്ദ്". തരൂർ കത്തിൽ കുറിച്ചു. നിർമല സീതാരമന് അയച്ച കത്തും തരൂർ ട്വിറ്റർ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.