ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി ബിജെപി ഉയർത്തിക്കാട്ടുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി (BJP to project Modi as Hindu Hriday Samrat in LS Polls, Says Shashi Tharoor MP). ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രവും (Ram Mandir in Ayodhya) ഫെബ്രുവരി 14ന് അബുദാബിയിലെ ബിഎപിഎസ് (BAPS) ഹിന്ദുക്ഷേത്രവും (BAPS Hindu Temple in Abu Dhabi) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും അതിനുശേഷം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും ശശി തരൂർ എക്‌സിൽ കുറിച്ചു.
'ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രവും ഫെബ്രുവരി 14ന് അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രവും മോദി ഉദ്ഘാടനം ചെയ്യും. ഇതിന് പിന്നാലെ അധികം വൈകാതെ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യും... സന്ദേശം വ്യക്തമാണ്. 2009ൽ മോദിയെ എല്ലാ ഇന്ത്യക്കാർക്കും വികസനം കൊണ്ടുവരുന്ന സാമ്പത്തിക വികസനത്തിന്‍റെ അവതാരമായി ഇന്ത്യൻ വോട്ടർമാർക്ക് വിറ്റു.
2019ൽ നോട്ട് അസാധുവാക്കിയതോടെ ആ വിവരണം തകർന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം പൊതുതെരഞ്ഞെടുപ്പിനെ ദേശീയ സുരക്ഷ തെരഞ്ഞെടുപ്പാക്കി മാറ്റാൻ മോദിക്ക് അവസരം നൽകി. 2024ൽ മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി ബിജെപി അവതരിപ്പിക്കും എന്ന കാര്യം വ്യക്തമാണ്.
അച്ഛേ ദിനിന് എന്ത് സംഭവിച്ചു? പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾക്ക് എന്ത് സംഭവിച്ചു? സാമൂഹിക-സാമ്പത്തിക ശ്രേണിയിലെ താഴേത്തട്ടിലുള്ളവർക്ക് പ്രയോജനം ലഭിക്കുന്ന സാമ്പത്തിക വളർച്ചയ്ക്ക് എന്ത് സംഭവിച്ചു? ഓരോ ഇന്ത്യക്കാരന്‍റെയും പോക്കറ്റുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ഡിസ്പോസിബിൾ വരുമാനം നിക്ഷേപിച്ചതിന് എന്ത് സംഭവിച്ചു? ഹിന്ദുത്വവും ജനക്ഷേമവും ആയി രൂപപ്പെടുന്ന ഒരു തെരഞ്ഞെടുപ്പിൽ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്'- ശശി തരൂർ എക്‌സിൽ കുറിച്ചു.