ന്യൂഡൽഹി :കോണ്‍ഗ്രസ് സംഘടിപ്പിച്ച ചിന്തൻ ശിബിര്‍, പരിഷ്കരണത്തിനും പുനരുജ്ജീവനത്തിനുമുള്ള വ്യായാമമാണെന്ന് ശശി തരൂർ എം.പി. ഉദയ്‌പൂര്‍ പ്രഖ്യാപനം നടപ്പിലാക്കിയ ശേഷമേ അത് നല്ലതോ ചീത്തതോ എന്ന് തീരുമാനിക്കാന്‍ കഴിയുള്ളൂ. ഈ പ്രക്രിയ എവിടെ എത്തിക്കുമെന്നതിനെക്കുറിച്ച് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
'പരിഷ്‌കരണവാദികളുടെ' ശബ്‌ദം കേട്ടു :പാര്‍ട്ടിയില്‍ നവീകരണം ആവശ്യപ്പെട്ട് 2020-ൽ അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക് കത്തെഴുതിയ 23 നേതാക്കളുടെ കൂട്ടത്തിലെ അംഗമാണ് തരൂര്‍. 'പരിഷ്‌കരണവാദികളുടെ' ശബ്‌ദവും കൂടെ കേൾക്കുന്നതായിരുന്നു ഉദയ്‌പൂര്‍ യോഗം. നിർദിഷ്‌ട ഉപദേശക സമിതിയിൽ ഇത്തരം ചർച്ചകൾ നടന്നിരുന്നെങ്കിൽ ഉദ്ദേശ്യം സഫലമാകുമായിരുന്നു.
പാർലമെന്‍ററി ബോർഡിന്‍റെ പുനരുജ്ജീവനം തങ്ങള്‍ നിര്‍ദേശിച്ചിരുന്നു. വർക്കിങ് കമ്മിറ്റികള്‍ രണ്ടും പുതിയ ശബ്‌ദങ്ങൾ നേതൃത്വത്തിന് മുന്‍പിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ്. അത്തരം ചർച്ചകൾക്ക് ശേഷമുള്ള അന്തിമ തീരുമാനങ്ങൾ എല്ലായ്‌പ്പോഴും നേതൃത്വത്തിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 13-15 തിയതികളിൽ ഉദയ്‌പൂര്‍ ചിന്തന്‍ ശിബിറിനുശേഷം സോണിയ ഗാന്ധി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ നിന്ന് ഒരു ഉപദേശക സംഘത്തെ പ്രഖ്യാപിച്ചു. ഇത് ഒരു കൂട്ടായ തീരുമാനമെടുക്കുന്ന കമ്മിറ്റിയല്ലെന്നും മുതിർന്ന നേതാക്കളുടെ വിപുലമായ അനുഭവത്തിന്‍റെ പ്രയോജനം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണെന്നും ഉപദേശക സംഘത്തെക്കുറിച്ച് സോണിയ വ്യക്തമാക്കിയിരുന്നു.
'ഭൂരിപക്ഷത്തിന് ഇഷ്‌ടം രാഹുലിനെ':മാറ്റത്തെക്കുറിച്ചുള്ള ഏറെ ചർച്ചകൾക്കിടയിലും ക്രിയാത്മക മനോഭാവത്തിലാണ് ഗൗരവമായ ചർച്ചകൾ നടന്നതെന്ന് ശിബിറിലെ ചർച്ചകളെ പരാമർശിച്ച് തരൂർ പറഞ്ഞു. എന്നാൽ നമ്മളിൽ പലരും ആഗ്രഹിച്ചിടത്ത് അത് അവസാനിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. അടുത്ത കുറച്ച് മാസങ്ങളിൽ ഇനിയും വ്യക്തമാകേണ്ട ഒരു പ്രക്രിയ ആരംഭിച്ചുവെന്ന് നമുക്ക് പറയാം.
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകുന്ന വിഷയം തന്‍റെ അറിവിൽ ചർച്ച ചെയ്തിട്ടില്ല. ചില സഹപ്രവർത്തകർ തീർച്ചയായും അത്തരം നിർദേശങ്ങൾ ഉണ്ടാക്കി. അവ ഒരു ഘടനാപരമായ ചർച്ചയുടെ ഭാഗമായിരുന്നില്ല. "അപ്പോഴും, ഭൂരിപക്ഷം പാർട്ടി പ്രവർത്തകരുടെയും ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയായിരിക്കുമെന്നതിൽ സംശയമില്ല. തനിക്ക് ആ സ്ഥാനം വേണോ എന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.
ജി 23 യുടെ സമ്മർദഫലമായാണ് ചിന്തൻ ശിബിർ വിളിച്ചുചേര്‍ത്തതെങ്കിലും പ്രത്യക്ഷത്തിൽ ഗുണം ചെയ്‌തത് രാഹുൽ ഗാന്ധിക്കായിരുന്നു. സമ്പൂർണമായ അഴിച്ചുപണിയാണ് വിമത ഗ്രൂപ്പ് ലക്ഷ്യമിട്ടതെങ്കിലും രാഹുലിന്‍റെ അനുയായികൾ സംഘടനയിൽ പിടി മുറുക്കുന്നതായിരുന്നു കാഴ്‌ച.