ന്യൂഡൽഹി :പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ. നാളെ (മാര്‍ച്ച് 23) ഡൽഹിയിൽ വച്ച് യോഗം നടത്താനാണ് തീരുമാനം. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ആശങ്ക പരിഹരിക്കാനുള്ള ചർച്ചയാണ് വിഷയം.
രാജ്യസഭയിലെ പ്രതിപക്ഷ പാർട്ടികളുടെ പ്രധാന നേതാക്കളെയാണ് എന്‍സിപി അധ്യക്ഷന്‍ ക്ഷണിച്ചത്. നാളെ വൈകിട്ട് ആറിന് ശരദ് പവാറിന്‍റെ വസതിയിലാണ് യോഗം. ഗ്രാമീണ മേഖലയില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) ഉപയോഗിക്കുന്നത് സംബന്ധിച്ച് നിരവധി രാഷ്ട്രീയ പാർട്ടികള്‍ ആശങ്ക പങ്കുവച്ചിരുന്നു. ഇവരുടെ യോഗമാണ് വിളിച്ചത്. പ്രതിപക്ഷ നേതാക്കൾക്ക് എഴുതിയ കത്തിൽ പവാര്‍ ഇക്കാര്യം വ്യക്തമാക്കി. ചില രാഷ്‌ട്രീയ പാർട്ടികളും മറ്റ് സംഘടനകളും ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശരദ് പവാര്‍ യോഗം വിളിച്ചത്.
'ഇവിഎമ്മിൽ കൃത്രിമം ഉണ്ടോ ?, രാജ്യം ഉയര്‍ത്തിയ ചോദ്യം:സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്‍റെ ആവശ്യകത മുൻനിർത്തി പ്രമുഖ ഐടി പ്രൊഫഷണലുകളുടേയും മറ്റ് വിദഗ്‌ധരുടേയും അഭിപ്രായങ്ങൾ കേൾക്കേണ്ടതുണ്ടെന്നാണ് പവാര്‍ പറയുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ റിപ്പോർട്ടിൽ വളരെ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. പ്രമുഖ ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫസർമാർ, ക്രിപ്‌റ്റോഗ്രാഫർമാർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ നിരീക്ഷണങ്ങളും റിപ്പോർട്ടിലുണ്ട്. ഇവിഎമ്മിൽ കൃത്രിമം കാണിക്കുമോയെന്ന ആശങ്ക നേരത്തേ പ്രതിപക്ഷ നേതാക്കളും രാജ്യത്തെ പൊതുജനങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടക്കം പശ്ചാത്തലത്തിലാണ് ഇത് പരിഹരിക്കാന്‍ ശരദ് പവാറിന്‍റെ നീക്കം.