ന്യൂഡല്‍ഹി : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് നീക്കം നടത്താനൊരുങ്ങി എന്‍.സി.പി ദേശീയ പ്രസിഡന്‍റ് ശരദ് പവാര്‍.
ഇതിന്‍റെ ഭാഗമായി പവാറിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ യോഗം വിളിക്കുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക് മാധ്യമങ്ങളെ അറിയിച്ചു.
ALSO READ:തൃണമൂലിന് വോട്ട് ചെയ്യാത്തവർ കൊല്ലപ്പെടുന്നത് മമത നോക്കി നിന്നെന്ന് സ്‌മൃതി ഇറാനി
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്, നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് ശരദ് പവാര്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സംഘടിപ്പിക്കാനുള്ള തീരുമാനം വരുന്നത്.
ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനത ദള്‍, നാഷണല്‍ കോണ്‍ഫറണ്‍സ് തുടങ്ങിയ പാര്‍ട്ടികളെയാണ് യോഗത്തില്‍ ക്ഷണിച്ചത്. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പാര്‍ട്ടിയായ രാഷ്ട്രമഞ്ച്, കോണ്‍ഗ്രസ് നേതാവ് വിവേക് തങ്ക എന്നിവരെയും യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.