ഔറംഗബാദ് :ബിജെപിയുമായി സഖ്യമുണ്ടാവില്ലെന്നും പകരം എല്ലാ ശ്രദ്ധയും ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2024 ല്‍ മാറ്റം കൊണ്ടുവരാനാണെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി മുന്നണിയിലുള്ള എന്‍സിപിയെ കൂട്ടാതെ കോണ്‍ഗ്രസും ശിവസേനയും 'പ്ലാന്‍ ബി' നടപ്പിലാക്കുന്നു എന്ന അഭ്യൂഹങ്ങളോടും അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയില്‍ നടന്ന പൊതുയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'പ്ലാന്‍ ബി' എന്ന വാര്‍ത്ത തെറ്റാണ്. അത്തരത്തില്‍ ഒരു പദ്ധതിയും നടക്കുന്നില്ല. ജനങ്ങളുടെ ആകുലതകള്‍ നീക്കുന്നതിനായി 2024 ല്‍ ഒരു മാറ്റത്തിന്‍റെ ആവശ്യമുണ്ടെന്നും, അതിനായാണ് തങ്ങളെല്ലാവരും തയ്യാറെടുക്കുന്നതെന്നും ശരദ് പവാര്‍ പറഞ്ഞു. താന്‍ ബിജെപിക്കൊപ്പം പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അജിത് പവാറുമായുള്ള കൂടിക്കാഴ്‌ച : പാര്‍ട്ടി വിട്ട് മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രിയായ അജിത് പവാറുമായി കഴിഞ്ഞയാഴ്‌ച പൂനെയില്‍ നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ച് മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തി. അദ്ദേഹം എന്‍റെ കുടുംബത്തിലെ അംഗമാണ്. ഞങ്ങളുടെ കുടുംബത്തില്‍ എന്തെങ്കിലും ഒരു ചടങ്ങ് തീരുമാനിച്ചാല്‍, സ്വാഭാവികമായും ഞാന്‍ ആ സമയത്ത് ചെല്ലും - ശരദ് പവാര്‍ പ്രതികരിച്ചു. പാര്‍ട്ടി വിട്ടുപോയവരെ തിരികെ വിളിക്കുമോ എന്ന ചോദ്യത്തിന്, എന്നെ വിട്ട് പോയവര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് ലഭിക്കില്ലെന്നായിരുന്നു മറുപടി.
Also Read: Pawar Meeting| 'എരിവുള്ള കഥകള്‍ പടച്ചുവിടരുത്'; ശരദ് പവാറുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണം തള്ളി അജിത് പവാര്‍
മുന്നിലെ ചിഹ്നവും തെരഞ്ഞെടുപ്പും :എന്‍സിപി വിട്ട് ബിജെപി പാളയത്തിലെത്തിയ അജിത് പവാര്‍ പക്ഷം ഇപ്പോഴും ശരദ് പവാറിന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ചോദ്യവും ഉയര്‍ന്നു. ആ വിഷയത്തില്‍ തങ്ങള്‍ കോടതിയെ സമീപിക്കാനിരിക്കുകയാണെന്ന് ശരദ് പവാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ച നോട്ടിസിന് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്.
ശിവസേനയുടെ വിഷയത്തില്‍ ഉണ്ടായതുപോലെ (വിമത വിഭാഗമായ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചത്),ഞങ്ങളുടെ പാര്‍ട്ടി ചിഹ്നവും (ക്ലോക്ക്) അപകടത്തിലാണെന്ന് തോന്നുന്നു. പക്ഷേ ചിഹ്നത്തിന്‍റെ കാര്യമൊന്നും ശ്രദ്ധിക്കുന്നില്ല. കാരണം രണ്ട് കാളകള്‍, പശുവും കിടാവും തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിച്ച് താന്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: PM Modi | ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; ശ്രദ്ധേയമായി മോദി-ശരദ് പവാര്‍ കണ്ടുമുട്ടല്‍
'മണിപ്പൂരില്‍' പ്രധാനമന്ത്രിക്ക് വിമര്‍ശനം :മണിപ്പൂരിലെ സ്ഥിതിഗതികള്‍ പ്രധാനമാണെന്നും അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും പ്രധാനമന്ത്രി കരുതുന്നില്ലെന്ന് ശരദ് പവാര്‍ കുറ്റപ്പെടുത്തി. മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ മോദി സര്‍ക്കാര്‍ നിശബ്‌ദരായ കാഴ്‌ചക്കാരാണ്. വടക്കുകിഴക്കന്‍ മേഖല പ്രധാനവും വൈകാരികവുമാണെന്നും, ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മുന്‍ പ്രതിരോധ മന്ത്രി കൂടിയായ ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.