കേരളം

kerala

ETV Bharat / bharat

'എൻസിപി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കുന്നു'; അപ്രതീക്ഷിത പ്രഖ്യാപനവുമായി ശരദ്‌ പവാർ - ശരദ് പവാർ

ശരദ് പവാറിന്‍റെ രാഷ്‌ട്രീയവും ജീവിതവും ഉൾകൊള്ളുന്ന 'ലോക് മജേ സാംഗാതി' എന്ന പരിഷ്‌കരിച്ച ആത്മകഥയുടെ പ്രകാശന വേളയിലാണ് അപ്രതീക്ഷിത പ്രഖ്യാപനം.

Sharad Pawar decided to step down as NCP president  Sharad Pawar  Sharad Pawar resigned  ncp  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി  ശരദ് പവാർ  എൻ സി പി
ശരദ് പവാർ രാജിവച്ചു

By

Published : May 2, 2023, 2:03 PM IST

Updated : May 2, 2023, 5:27 PM IST

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു. യശ്വന്ത്‌റാവു ചവാൻ പ്രതിസ്ഥാനിൽ നടന്ന തന്‍റെ ആത്മകഥയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ശരദ് പവാർ രാജി പ്രഖ്യാപനം നടത്തിയത്. അപ്രതീക്ഷിതമായ രാജി പ്രഖ്യാപനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പാർട്ടി നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

രാജി അനാവശ്യമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എൻസിപി നേതാക്കൾ പവാറിനോട് ആവശ്യപ്പെട്ടു. പവാർ തീരുമാനം പിൻവലിക്കുന്നത് വരെ വേദി വിടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. പവാർ എൻസിപി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന മുദ്രാവാക്യവുമായി പ്രവർത്തകർ വേദിക്ക് മുന്നില്‍ സംഘടിച്ചു. അതിനിടെ, എൻസിപി നേതാവ് ജയന്ത് പാട്ടീല്‍ വികാരനിർഭരമായാണ് ശരദ് പവാറിന്‍റെ പ്രസംഗത്തിന് ശേഷം പ്രതികരിച്ചത്.

മൈക്കിനു മുന്നില്‍ വിതുമ്പിയ ജയന്ത് പാട്ടീല്‍ ഇടയ്ക്ക് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്‌തു. എന്തുകൊണ്ടാണ് ശരദ് പവാർ ഇങ്ങനെയൊരു പ്രതികരണം നടത്തിയതെന്ന് അറിയില്ലെന്നും എന്നാല്‍ ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയുന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തെ ബാധിക്കില്ലെന്നും മഹാരാഷ്ട്രയിലെ കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ മാധ്യമങ്ങളോട് പറഞ്ഞു.

2015 ന് ശേഷമുള്ള മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ ഉരുക്കുമനുഷ്യനായ പവാറിന്‍റെ രാഷ്‌ട്രീയവും ജീവിതവും ഉൾകൊള്ളുന്ന മറാത്തി ആത്മകഥയാണ് ലോക് മജേ സാംഗാതി' എന്ന പരിഷ്‌കരിച്ച ആത്മകഥ പതിപ്പ്. രാജ്യസഭാംഗമെന്ന നിലയിൽ മൂന്ന് വർഷം ശേഷിക്കുന്നതായും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ശരദ് പവാർ പുസ്‌തക പ്രകാശന വേളയിൽ പറഞ്ഞു. ഈ സമയത്ത് എന്‍റെ സംസ്ഥാനത്തേയും രാജ്യത്തേയും സംബന്ധിച്ച വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്. അധിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനാവില്ല.

ഇനി പദവികൾ വേണ്ട, അത്യാഗ്രഹം പാടില്ല: 1960 മെയ്‌ ഒന്നിനാണ് താൻ രാഷ്‌ട്രീയ ജീവിതം തുടങ്ങിയത്. ഇത്രയും നീണ്ട രാഷ്‌ട്രീയ ജീവിതത്തിന് ശേഷവും പദവികൾ മുറുകെ പിടിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. സമയമാകുമ്പോൾ ഇറങ്ങണം. അത്യാഗ്രഹം പാടില്ല. ഈ തീരുമാനം കുറച്ച് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് താൻ ഇറങ്ങുന്നതായി പവാർ രാജി പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു.

നാല് തവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായ വ്യക്തിയാണ് ശരദ് പവാർ. 2019 ലെ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരിക്കാൻ എൻസിപിയുടെയും കോൺഗ്രസിന്‍റെയും ശിവസേനയുടെയും ഒരു സാധ്യതയില്ലാത്ത സഖ്യം ഉണ്ടാക്കിയെടുക്കുന്നതിൽ പവാർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

പാർട്ടി സമിതി അംഗങ്ങൾ: പാർട്ടിയുടെ ഭാവി നടപടികൾ തീരുമാനിക്കാൻ മുതിർന്ന എൻസിപി നേതാക്കളുടെ ഒരു പാനലിനെ രൂപീകരിച്ചതായും ശരദ് പവാർ അറിയിച്ചു. പ്രഫുൽ പട്ടേൽ, സുനിൽ തത്‌കരെ, പി സി ചാക്കോ, നർഹരി സിർവാൾ, അജിത് പവാർ, സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജബൽ, ദിലീപ് വാൽസെ പാട്ടീൽ, അനിൽ ദേശ്‌മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഹൗദ്, ഹസൻ മുഷ്രിഫ്, ധനഞ്‌ജയ് മുണ്ടെ, ജയദേവ് ഗെയ്‌ക്‌വാദ് എന്നിവരാണ് പാനലിലുള്ളത്. അതേസമയം മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും പാർട്ടിയിൽ നിന്ന് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. പവാർ തന്‍റെ ആത്മകഥ 'ഓൺ മൈ ടേംസ്' ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിരുന്നു.

Last Updated : May 2, 2023, 5:27 PM IST

ABOUT THE AUTHOR

...view details