മുംബൈ: നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവയ്‌ക്കുമെന്ന പ്രഖ്യാപനം ശരദ് പവാര്‍ പുനഃപരിശോധിക്കുമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. ശരദ് പവാര്‍ മൂന്ന് നാല് ദിവസത്തിന് ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്ന് അജിത് പവാര്‍ പറഞ്ഞു. ശരദ് പവാറിന്‍റെ അപ്രതീക്ഷിതമായ രാജി പ്രഖ്യാപനത്തില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് അതൃപ്‌തി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
'പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്ന് ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ഒരു വര്‍ക്കിങ് പ്രസിഡന്‍റിനൊപ്പം അധ്യക്ഷസ്ഥാനത്ത് തന്നെ തുടരണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. തനിക്ക് ചിന്തിക്കാന്‍ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു'- അജിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന് പവാര്‍: 24 വര്‍ഷം എന്‍സിപി അധ്യക്ഷനായി തുടര്‍ന്നതിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്‌ക്കുകയാണെന്ന് അറിയിച്ചതിന് പുറമെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു. '1960 മെയ് മാസം ഒന്നാം തീയതി മുതല്‍ 2023 മെയ് ഒന്നാം തീയതി വരെ നീണ്ടു നിന്ന രാഷ്‌ട്രീയ ജീവിതത്തില്‍ നിന്ന് ഒരു പിടി പിന്നോട്ട് പോകേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്നെ ദേശീയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്നും ഞാന്‍ രാജി വയ്‌ക്കുകയാണെന്ന്' 'ലോക് മസെ സങ്കാടി' എന്ന തന്‍റെ ആത്മകഥയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രകാശനത്തിന് ശേഷം അദ്ദേഹം അറിയിച്ചു.
അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വച്ചാലും രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തില്‍ തന്‍റെ സേവനം തുടരുമെന്നും ശരദ് പവാര്‍ അറിയിച്ചു. 'രാജ്യസഭയില്‍ എനിക്ക് മൂന്ന് വര്‍ഷം കൂടെ കാലാവധിയുണ്ട്. ഇപ്പോള്‍ ഞാന്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കില്ലെന്നും' പവാര്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും ശരദ് പവാര്‍ രാജി വയ്‌ക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷം ശരത് പവാറിന്‍റെ അനന്തരവന്‍ അജിത് പവാര്‍ എന്‍സിപി അധ്യക്ഷന്‍റെ തീരുമാനത്തെ മാനിക്കുന്നുവെന്നും അടുത്തതായി അധ്യക്ഷസ്ഥാനത്തു തുടരുന്ന വ്യക്തി പവാറിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. 'എന്‍സിപി കുടുംബത്തിന്‍റെ എക്കാലത്തെയും തലവനാണ് പവാര്‍ സാഹെബ്. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയതായി ആര് വന്നാലും അവര്‍ പവാര്‍ സാഹെബിന്‍റെ നേതൃത്വത്തില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളുവെന്ന്' ശരദ് പവാര്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വയ്‌ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് അജിത് പവാര്‍ പറഞ്ഞു.
തീരുമാനം പ്രായത്തെയും ആരോഗ്യത്തെയും തുടര്‍ന്ന്:'അധ്യക്ഷനെ മാറ്റേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പവാര്‍ സാഹെബ് തന്നെ നേരത്തെ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെയും പ്രായത്തെയും തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ തീരുമാനം. സമയത്തിനനുസരിച്ച് എല്ലാവരും തീരുമാനങ്ങള്‍ എടുക്കണമെന്നും പവാര്‍ സാഹെബ് തീരുമാനം തിരിച്ചെടുക്കില്ലെന്നും' അജിത് പവാര്‍ പറഞ്ഞു.
അടുത്ത പാര്‍ട്ടി അധ്യക്ഷനെ എന്‍സിപി കുടുംബത്തിനുള്ളില്‍ നിന്ന് തന്നെ നിര്‍ദേശിക്കണമെന്നും പുറത്ത് നിന്ന് മറ്റൊരാള്‍ അധ്യക്ഷനാവരുതെന്നും കമ്മിറ്റി അംഗങ്ങള്‍ നിര്‍ദേശിച്ചു. എന്നിരുന്നാലും ശരദ് പവാര്‍ തന്‍റെ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.
'എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വയ്‌ക്കുമെന്ന നിങ്ങളുടെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുകയില്ല. ഒരിക്കല്‍ കൂടി നിങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന്' എന്‍സിപി നേതാക്കള്‍ പവാറിനോട് പറഞ്ഞു. ശരദ് പവാറിന്‍റെ തീരുമാനത്തില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് അതൃപ്‌തി അറിയിച്ചത്.