മുംബൈ : സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന അജിത് പവാറിന്‍റെ നിർദേശത്തെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പ്രായത്തെ പരാമർശിച്ചുകൊണ്ടായിരുന്നു ശരദ് പവാറിന്‍റെ പരിഹാസം. മൊറാർജി ദേശായി ഏത് പ്രായത്തിലാണ് പ്രധാനമന്ത്രിയായതെന്ന് അറിയാമോയെന്നും തനിക്ക് പ്രധാനമന്ത്രിയാകാനോ മന്ത്രിപദവിയിലെത്താനോ ആഗ്രഹമില്ലെന്നും ജനങ്ങളെ സേവിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും 82 കാരനായ ശരദ് പവാർ തിരിച്ചടിച്ചു.
തനിക്ക് പ്രായാധിക്യം ആയിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ പവാർ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വാക്കുകളും മറുപടി നൽകാൻ കടമെടുത്തിരുന്നു. 'ഞാൻ ക്ഷീണിതനോ വിരമിച്ചവനോ അല്ല' എന്നായിരുന്നു വാജ്‌പേയിയുടെ വാക്കുകൾ. എൻസിപി പിളർന്ന ശേഷം സംസ്ഥാനത്ത് അജിത് പവാർ - ശരദ് പവാർ പോരാട്ടം മുറുകുകയാണ്.
മകളെ മാറ്റി നിർത്തി അജിത്തിനെ തഴുകി :പാർട്ടിയ്‌ക്കും പാർട്ടി ചിഹ്നത്തിനുമായി ഇരു വിഭാഗവും പോരടിക്കുന്നു. ഇതിനിടെയാണ് ശരദ് പവാറിന് വിരമിക്കാൻ പ്രായമായെന്ന് അജിത് വിവാദ പരാമർശം നടത്തിയത്. എന്നാൽ എന്നോട് വിരമിക്കാൻ പറയാൻ അവർ ആരാണെന്നും എനിക്ക് ഇപ്പോഴും ജോലി ചെയ്യാൻ കഴിയുമെന്നുമാണ് ശരദ് പവാർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അതേസമയം, 'അജിത്തിന് മന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി. എന്നാൽ മകൾ സുപ്രിയ സുലെയെ മന്ത്രിയാക്കാൻ കഴിയുമായിരുന്നിട്ടും അത് ചെയ്‌തില്ല.' എന്നും പവാർ പ്രതികരിച്ചു.