ന്യൂഡൽഹി : പാർട്ടിയിൽ നിന്ന് മറുകണ്ടം ചാടിയ അജിത് പവാർ ഉൾപ്പടെയുള്ള ഒൻപത് എംഎൽഎമാരെ പുറത്താക്കിയതായി പ്രമേയം പാസാക്കി എൻസിപി. ജൂലായ് രണ്ടിന് പാർട്ടിക്ക് എതിരെ പ്രവർത്തിച്ച പ്രഫുൽ പട്ടേൽ, സുനിൽ തത്‌കറെ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ പുറത്താക്കാനുള്ള തീരുമാനം ശരദ് പവാർ അധ്യക്ഷനായ എക്‌സിക്യുട്ടീവ് യോഗം അംഗീകരിച്ചതായി എൻസിപി നേതാവ് പി സി ചാക്കോ മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് ഡൽഹിയിലെ ശരദ് പവാറിന്‍റെ വസതിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനം.
പ്രായം എത്ര തന്നെയായാലും ഞാൻ തന്നെ നേതാവ് : അതേസമയം താൻ തന്നെയാണ് ഇപ്പോഴും എൻസിപി അധ്യക്ഷനെന്നും 82 അല്ല 92 വയസായാലും ഇതുപോലെ കാണുമെന്നും ശരദ് പവാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 82 വയസുള്ള ശരദ് പവാറിന്‍റെ പ്രായത്തെ പരാമർശിച്ച് അദ്ദേഹത്തിന് വിരമിക്കാറായെന്ന് അജിത് പവാർ നടത്തിയ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു മുതിര്‍ന്ന നേതാവ്. ഈ യോഗം പാര്‍ട്ടിയുടെ മനോവീര്യം ഉയർത്താൻ സഹായിച്ചതായും ഇനി പറയാനുള്ളത് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സമിതി ശരദ് പവാറിനൊപ്പം : അതേസമയം യോഗത്തിൽ പങ്കെടുത്ത പാർട്ടിയുടെ 27 സംസ്ഥാന സമിതികളും ശരദ് പവാറിനൊപ്പമാണെന്നും അങ്ങനെയല്ലെന്ന് ഒരാൾ പോലും പറഞ്ഞിട്ടില്ലെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ചാക്കോ അറിയിച്ചു. പാർട്ടി അധ്യക്ഷൻ ശരദ് പവാർ തന്നെയാണെന്നും മറ്റാരെങ്കിലും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ട് പ്രമേയങ്ങളാണ് നിർവാഹക സമിതി ഇതുസംബന്ധിച്ച് പാസാക്കിയതെന്നും ചാക്കോ പറഞ്ഞു.