കോലാപ്പൂർ: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ (BJP) രൂക്ഷ വിമർശനവുമായി എൻ സി പി അധ്യക്ഷൻ ശരദ് പവാർ (Sharad Pawar attacks Centre). കോലാപ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ഉള്ളിക്ക് കയറ്റുമതി തീരുവ ചുമത്തുന്നതും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും മണിപ്പൂർ കലാപവുമടക്കമുള്ള വിഷയങ്ങളില്‍ ശരദ് പവാർ ആഞ്ഞടിച്ചു (Sharad Pawar attacks Centre over onion Export Duty).
ഉള്ളി കയറ്റുമതിക്ക് (Onion Export Duty) 40 ശതമാനം തീരുവ ചുമത്തിയതോടെ സംസ്ഥാനത്തെ കർഷകർക്ക് അവരുടെ പ്രയത്നത്തിന് ശരിയായ വില ലഭിക്കുന്നില്ലെന്ന് പവാർ കുറ്റപ്പെടുത്തി. തീരുവ ചുമത്താനുള്ള തീരുമാനം കേന്ദ്രം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉള്ളി കൃഷി ചെയ്യാന്‍ കർഷകർ ചെലവഴിച്ച തുക അവർക്ക് ലഭിക്കാന്‍ ഉള്ളി ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടണം. എന്നാൽ മോദി സർക്കാർ കുത്തനെ 40 ശതമാനം തീരുവ ചുമത്തിയതോടെ ഇന്ത്യൻ ഉള്ളിക്ക് ഉപഭോക്താക്കളെ കിട്ടുന്നില്ല. ഇത് ഉള്ളിയുടെ വിലയിടിവിന് കാരണമായെന്നും പവാർ പറഞ്ഞു.
"ഉത്പാദനച്ചെലവ് കണക്കിലെടുത്ത് ഉള്ളി കർഷകർക്ക് ന്യായമായ വില നൽകേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്, അത് ആവശ്യപ്പെടുക എന്നത് കർഷകരുടെ അവകാശവുമാണ്. ക്വിന്‍റലിന് 2,410 രൂപയ്ക്ക് ഉള്ളി സംഭരിക്കുകയും 2 ലക്ഷം ടൺ കയറ്റുമതി അനുവദിക്കുകയും ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്, ഉത്പാദന ചെലവ് കണക്കിലെടുത്ത് സംഭരണ വില ഉടന്‍ വർധിപ്പിക്കണം" - പവാർ പറഞ്ഞു.
താന്‍ കേന്ദ്ര കൃഷി മന്ത്രിയായിരുന്ന 2004-നും 2014-നും ഇടയിൽ യുപിഎ സർക്കാരിൽ ഉള്ളിക്ക് കയറ്റുമതി തീരുവ ചുമത്തിയിട്ടില്ലെന്നും വിള കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പവാർ പറഞ്ഞു. കർഷകരുടെ പ്രയത്നത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ് സർക്കാരിന്‍റെ നിലപാടെന്നും പവാർ കൂട്ടിച്ചേര്‍ത്തു.
ഡിസംബർ 31 വരെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നാസിക്കിൽ കർഷകരും വ്യാപാരികളും പ്രതിഷേധത്തിലാണ്. തീരുവ ചുമത്തുന്നത് ആഭ്യന്തര വിപണിയിൽ ഉള്ളിക്ക് വിലയിടിവ് ഉണ്ടാക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. മറ്റൊരു സര്‍ക്കാരുകളും കർഷകരെ ഇത്രയധികം അപമാനിച്ചിട്ടില്ലെന്നും പവാര്‍ തുറന്നടിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിയിലും (Sugar Export) നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ ആലോചിക്കുന്നതായി പവാർ ആശങ്കപ്പെട്ടു. "മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനം. ലോകത്ത് ഏറ്റവും വലിയ പഞ്ചസാര ഉത്പാദന രാജ്യമാണ് ബ്രസീൽ, തൊട്ടുപിന്നിൽ ഇന്ത്യയാണ്. കഴിഞ്ഞ വർഷം ബ്രസീലിലെ വരൾച്ച കാരണം അവരുടെ പഞ്ചസാര ഉത്പാദനം കുറഞ്ഞു. ഇതോടെ ഇന്ത്യയിലെ കരിമ്പ് ഉത്പാദകര്‍ക്ക് അനുകൂല സാഹചര്യമുണ്ടാവുകയും അവർ പഞ്ചസാര കയറ്റുമതി ചെയ്യാൻ പദ്ധതിയിടുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ പഞ്ചസാര കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുകയാണ്" - ശരദ് പവാർ പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തിലും പവാര്‍ കേന്ദ്രത്തെ കടന്നാക്രമിച്ചു. രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവത്തില്‍ അവരെ രക്ഷിക്കാൻ അധികാരമുള്ളവര്‍ അത് ഉപയോഗിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെ വിമര്‍ശിച്ച ശരദ് പവാർ എതിരാളികളെ അടിച്ചമർത്താൻ കേന്ദ്രം അധികാരം ദുരുപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. നവാബ് മാലിക്, അനിൽ ദേശ്‌മുഖ്, സഞ്ജയ് റാവത്ത് എന്നിവര്‍ക്കെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ ഇതിന്‍റെ ഉദാഹരണങ്ങളായി പവാർ ചൂണ്ടിക്കാട്ടി.