മുംബൈ :മഹാനാടകങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ പുതിയൊരു ഊഹാപോഹത്തിന് കൂടിയാണ് കഴിഞ്ഞ ദിവസം തിരിതെളിഞ്ഞത്. എൻസിപി ദേശീയ അധ്യക്ഷനും അമ്മാവനുമായ ശരദ് പവാറുമായി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും അനന്തരവനുമായ അജിത് പവാർ കൂടിക്കാഴ്‌ച നടത്തി എന്നതാണ് പുതിയ കിംവദന്തി ഉടലെടുക്കാന്‍ ഇടയാക്കിയത്. പൂനെയിലെ പ്രമുഖ വ്യവസായിയുടെ വസതിയാണ് ഇരുവര്‍ക്കും കണ്ടുമുട്ടാന്‍ വേദിയായതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, 'അസാധാരണ കണ്ടുമുട്ടലിനെ' ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ മഹാരാഷ്‌ട്രയില്‍ ഇപ്പോള്‍ സജീവമായിരിക്കുകയാണ്. യോഗത്തിന് ശേഷം നേതാക്കളാരും തന്നെ പ്രതികരിച്ചിട്ടില്ലെങ്കിലും അമ്മാവൻ ശരദ് പവാറിനെ സർക്കാരിന്‍റെ ഭാഗമാക്കാനുള്ള നീക്കമാണ് അജിത് നടത്തിയതെന്നാണ് അനുമാനം. ഇങ്ങനെയൊരു വാഗ്‌ദാനം ഷിന്‍ഡെ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി കൂടിയായ അനന്തരവന്‍ മുന്നോട്ടുവച്ചെങ്കിലും ശരദ് പവാർ അത് നിരസിച്ചെന്നാണ് വിവരം. എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലാണ് 35 മിനിട്ട് നീണ്ട യോഗത്തിന് ചുക്കാന്‍ പിടിച്ചതെന്നും സൂചനയുണ്ട്.
'ആ ന്യായീകരണത്തിന് അല്‍പായുസ്..!' :ശരദ് പവാര്‍ - അജിത് പവാര്‍ കൂടിക്കാഴ്‌ച സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ പൂര്‍ണമായും തള്ളിപ്പറയുന്ന നിലപാടാണ് മഹാരാഷ്‌ട്ര നിയമസഭ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ സ്വീകരിച്ചത്. ശരദ് പവാർ ബിജെപി സഖ്യത്തില്‍ ചേരില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയതാണ്. മാധ്യമങ്ങളിൽ നിന്നാണ് ഇരുവരും തമ്മില്‍ നടന്ന യോഗത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞത്. ഇത് എല്ലാവരിലും ആശയക്കുഴപ്പം സൃഷ്‌ടിച്ചെന്നും അംബാദാസ് ദൻവെ ചൂണ്ടിക്കാട്ടി.