മുംബൈ :മഹാരാഷ്‌ട്രയില്‍ പുതുതായി അധികാരമേറ്റ ഏക്‌നാഥ് ഷിൻഡെ സർക്കാർ ആറ് മാസത്തിനുള്ളിൽ തകരുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ. ഇക്കാരണത്താല്‍ സംസ്ഥാനത്ത് വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുങ്ങണം. ഞായറാഴ്‌ച വൈകിട്ട് എൻ.സി.പി നിയമസഭാംഗങ്ങളെയും പാർട്ടി പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത നിയമസഭാംഗങ്ങളും നിലവിലെ ക്രമീകരണത്തിൽ തൃപ്‌തരല്ല. മന്ത്രിസഭാംഗങ്ങളെ കൂടി പ്രഖ്യാപിച്ചാല്‍ അവര്‍ക്കിടയിലെ അസ്വസ്ഥത പുറത്തുവരും. ഇത് സർക്കാരിന്‍റെ തകർച്ചയ്ക്ക് കാരണമാകും. വിഷയം, വിമത എം.എൽ.എമാരെ അവരുടെ പാർട്ടിയിലേക്ക് മടങ്ങുന്നതിലേക്ക് നയിക്കും. വരുന്ന ആറ് മാസം എൻ.സി.പി നിയമസഭാംഗങ്ങൾ അവരുടെ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നും പവാര്‍ നിര്‍ദേശിച്ചു.