മുംബൈ: ഹിൻഡൻബർഗ് - അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോട് യോജിക്കുന്നില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ പാർലമെന്‍റ് സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചാൽ അതിന്‍റെ മേൽനോട്ടം ഭരണകക്ഷിക്കായിരിക്കും. ഒരു ജെപിസിക്ക് (സംയുക്ത പാർലമെന്‍ററി കമ്മിറ്റി) 21 അംഗങ്ങളുണ്ടെങ്കിൽ 15 പേർ ഭരണപക്ഷത്തും ആറ് പേർ പ്രതിപക്ഷത്തും നിന്നുള്ളവരായിരിക്കും.
പാർലമെന്‍റിലെ അംഗബലം കാരണം പാനലിന്‍റെ അന്വേഷണത്തിൽ എത്രത്തോളം സത്യം പുറത്തുവരുമെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. അദാനി വിഷയത്തിൽ നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച സുപ്രീംകോടതി നടപടി സ്വാഗതാർഹമാണെന്നും ശരദ് പവാർ പറഞ്ഞു.
ജെപിസിയോട് താൻ പൂർണമായും വിയോജിക്കുന്നില്ല. ഇതിന് മുൻപ് ജെപിസികൾ ഉണ്ടായിട്ടുണ്ട്. താൻ ചിലതിന്‍റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പാർലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാണ് ജെപിസികൾ രൂപീകരിക്കുന്നത്. ഒരു ജെപിസിക്ക് പകരം, സുപ്രീം കോടതി കമ്മിറ്റിയാണ് കൂടുതൽ ഉപയോഗപ്രദവും ഫലപ്രദവും എന്നാണ് തന്‍റെ അഭിപ്രായമെന്നും ശരദ് പവാർ പറഞ്ഞു.
അദാനി ഗ്രൂപ്പിനെ കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് സംഘത്തിന്‍റെ റിപ്പോർട്ടിനെ ശരദ് പവാർ വിമർശിച്ചു. 'ഇത്തരം പ്രസ്‌താവനകൾ നേരത്തെയും മറ്റ് വ്യക്തികൾ നൽകിയിരുന്നു. കുറച്ച് ദിവസത്തേക്ക് പാർലമെന്‍റിൽ ബഹളമുണ്ടായി. എന്നാൽ ഇപ്പോൾ വിഷയത്തിന് അമിതമായ പ്രാധാന്യമാണ് നൽകിയത്. നമ്മൾ ഇതുവരെ ഹിൻഡൻബർഗിനെപ്പറ്റി കേട്ടിട്ടില്ല. എന്താണ് അവരുടെ പശ്ചാത്തലം? ഹിൻഡൻബർഗ് വിഷയം ഉന്നയിച്ചപ്പോൾ രാജ്യത്താകെ ബഹളമുണ്ടായി. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്‌ഥയേയാണ് അത് ബാധിച്ചത്. ഈ കാര്യങ്ങൾ അവഗണിക്കാൻ കഴിയില്ല. ഇത് ടാർഗറ്റ് ചെയ്‌ത് നടപ്പാക്കുന്നതായി തോന്നുന്നു' എന്നും ശരദ് പവാർ വ്യക്തമാക്കി.