ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശക്തിസിങ് ഗോഹിൽ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുന്നത് തടയാൻ സാർവത്രിക വാക്‌സിനേഷനിലൂടെ 60 ശതമാനം ജനങ്ങൾക്ക് വാക്‌സിൻ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിൻ നൽകുന്നതിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ എഴുപത്തിയേഴാം സ്ഥാനത്തായത് വളരെ സങ്കടമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങൾ വളരെ വേഗത്തിൽ ജനസംഖ്യയുടെ 80 ശതമാനം പേർക്ക് വാക്‌സിൻ നൽകിയെന്നും വാക്‌സിനേഷൻ വളരെ വിജയകരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തിൽ കേന്ദ്രം ജനങ്ങൾക്ക് വാക്‌സിൻ നൽകാതെ ആറ് കോടി വാക്‌സിൻ ഡോസുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 10.08 ശതമാനം പേർ മാത്രമാണ് ഒന്നാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. അതുപോലെ തന്നെ 2.8 ശതമാനം ജനങ്ങൾ മാത്രമാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്. സർക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.