ഹൈദരാബാദ് : തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2023. കിങ് ഖാന്‍റെതായി പുറത്തിറങ്ങിയ പത്താന്‍, ജവാന്‍ എന്നീ രണ്ടു ചിത്രങ്ങളും ബോക്‌സോഫിസില്‍ ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റുകളാവുകയും ആയിരം കോടി ക്ലബുകളില്‍ ഇടംപിടിക്കുകയും ചെയ്‌തു. രണ്ട് വമ്പന്‍ വിജയചിത്രങ്ങളിലൂടെ നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയത്. ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന ഡങ്കി എന്ന ചിത്രം കൂടി വിജയമാവുകയാണെങ്കില്‍ ഈ വര്‍ഷം കിങ് ഖാന്‍റെ താരമൂല്യം ഒന്നുകൂടി ഉയരും.
അതേസമയം ഐഎംഡിബിയുടെതായി പുറത്തിറങ്ങിയ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങളിലെ തകര്‍പ്പന്‍ പ്രകടനങ്ങളും റിലീസിനൊരുങ്ങുന്ന ഡങ്കിയ്‌ക്കുളള വലിയ ഹൈപ്പുംകൊണ്ടാണ് ഷാരൂഖ് ഖാനെ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ താരമായി ഐഎംഡിബി തിരഞ്ഞെടുത്തത്. 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരിൽ നിന്നുള്ള പേജ് കാഴ്‌ചകൾ അനുസരിച്ച് നിർണ്ണയിച്ചിട്ടുളളതാണ് ഐഎംഡിബിയുടെ എറ്റവും പുതിയ ലിസ്റ്റ് (Shah Rukh Khan tops IMDb's list of most popular Indian stars of the year).
ഷാരൂഖ് ഖാന് പിന്നില്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലിസ്റ്റില്‍ രണ്ടാമതായി ഇടംപിടിച്ചിരിക്കുന്നത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ഹേര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് ആലിയ ഐഎംഡിബി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. മെറ്റ് ഗാലയിലെ സാന്നിധ്യവും, 2022ല്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ ചിത്രത്തിന്‍റെ ഗംഭീര വിജയവും സിനിമയുടെ ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നേട്ടവുമെല്ലാം ആലിയയുടെ ജനപ്രീതി കൂട്ടി. ഐഎംഡിബി ലിസ്റ്റിനെ പ്രേക്ഷകരുടെ തെരഞ്ഞെടുപ്പുകളുടെ യഥാര്‍ഥ പ്രതിഫലനമായി താന്‍ അംഗീകരിക്കുന്നതായി ആലിയ ഭട്ട് പറഞ്ഞു.