ന്യൂഡൽഹി: ടൈം മാഗസിന്‍റെ വാർഷിക 'ടൈം100' പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. ടൈം മാഗസിൻ ഓരോ വർഷവും വായനക്കാർക്കിടയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെ തെരഞ്ഞ് വോട്ടെടുപ്പ് നടത്താറുണ്ട്. 1.2 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത ഈ വർഷത്തെ വോട്ടെടുപ്പിൽ ആകെ വോട്ടുകളുടെ നാല് ശതമാനം നേടിയാണ് കിങ് ഖാന്‍ ഒന്നാമത് എത്തിയത്.
ആഗോള ബോക്‌സോഫിസിൽ ബ്ലോക്ക്ബസ്റ്ററായി മാറിയ 'പത്താൻ' എന്ന ചിത്രത്തിന്‍റെ കൂറ്റൻ വിജയത്തിളക്കത്തിനൊപ്പമാണ് ഷാരൂഖിനെ തേടി ഈ നേട്ടം. നാല് വർഷത്തിന്‍റെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖിന്‍റെ ചിത്രം തിയറ്ററുകളിൽ എത്തിയത്. പത്താൻ നൽകിയ മെഗാ തിരിച്ചുവരവ് തന്നെയാണ് ഷാരൂഖിന് ഈ നേട്ടവും സമ്മാനിച്ചത്. ലോകമെമ്പാടും 1000 കോടിയിലധികം രൂപ നേടിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.
Also Read:മകള്‍ മാള്‍ട്ടി മേരിയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ചോപ്ര; ചിത്രം പങ്കുവച്ചതില്‍ വിമര്‍ശനം
ഇറാനിലെ പെൺപോരാട്ടത്തിന് അംഗീകാരം:രാജ്യത്തെ ഇസ്‌ലാമിക ഭരണകൂടത്തിൽ നിന്നും സ്വാതന്ത്ര്യ ശബ്‌ദമുയർത്തിയ ഇറാനിയൻ സ്‌ത്രീകൾക്ക് മൂന്ന് ശതമാനം വോട്ടോടെയാണ് പട്ടികയിൽ രണ്ടാം സ്ഥാനം ലഭിച്ചത്. സെപ്‌റ്റംബർ 16ന് 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം ഇറാനിൽ പ്രതിഷേധം ശക്തമാണ്.
നിർബന്ധിത ഇസ്‌ലാമിക ശിരോവസ്‌ത്രമായ ഹിജാബ് ഉപയോഗിച്ച് മുടി മറച്ചിട്ടില്ലെന്ന കുറ്റം ചുമത്തിയാണ് ഇറാനിലെ സദാചാര പൊലീസ് സെപ്റ്റംബറിൽ മഹ്‌സ അമിനിയെ അതിക്രൂരമായി കൊന്നത്. ടൈം മാഗസിന്‍റെ 2022 ലെ ഹീറോസ് ഓഫ് ദ ഇയറിൽ ഇറാനിയൻ വനിതകൾ അംഗീകരിക്കപ്പെടുകയും കഴിഞ്ഞ വർഷത്തെ പേഴ്‌സൺ ഓഫ് ദ ഇയർ റീഡർ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്‌തിരുന്നു.
മൂന്നാം സ്ഥാനത്ത് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും: 1.9 ശതമാനം വോട്ട് വിഹിതത്തോടെ ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും വോട്ടെടുപ്പിൽ മൂന്നും നാലും സ്ഥാനത്തെത്തി. 38 കാരനായ സസെക്‌സ് ഡ്യൂക്ക് ജനുവരിയിൽ തന്‍റെ ഓർമക്കുറിപ്പ് 'സ്‌പെയർ' പുറത്തിറക്കിയതിന് ശേഷം വാർത്തകളിൽ ഇടം നേടിയിരുന്നു. അതിൽ ഹാരി രാജകുമാരൻ ബ്രിട്ടനിലെ രാജകുടുംബത്തിന്‍റെ ഉൾക്കളികളെക്കുറിച്ച് എഴുതി. ഇതാണ് ഹാരി രാജകുമാരനെ ഈ നേട്ടത്തിന് അർഹനാക്കിയത്.
മെസിയില്ലാതെ എന്താഘോഷം:കഴിഞ്ഞ വർഷം ഖത്തറിൽ ഫ്രാൻസിനെതിരെ നടന്ന ഇതിഹാസ ഫൈനലിൽ അർജന്‍റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച മെസി 1.8 ശതമാനം വോട്ടുമായി പട്ടികയിൽ അഞ്ചാം സ്ഥാനം നേടി. ഓസ്‌കർ ജേതാവ് മിഷേൽ യോ, മുൻ ടെന്നിസ് താരം സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീലിയൻ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.
Also Read: 'ഇരുട്ടു നിറഞ്ഞ കടലിൽ ഒരു പ്രകാശ കിരണം'; ഐശ്വര്യ ലക്ഷ്‌മിയുടെ പൂങ്കുഴലി ട്രാൻസ്‌ഫോർമേഷൻ വീഡിയോ പുറത്ത്