ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) ഈ വര്‍ഷത്തെ മൂന്നാമത്തെ റിലീസാണ് 'ഡങ്കി' (Dunki). ഡിസംബര്‍ 21നാണ് 'ഡങ്കി' തിയേറ്ററുകളില്‍ എത്തുക (Dunki Release). റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 'ഡങ്കി'യുടെ ഏതാനും ടീസറുകള്‍ ഷാരൂഖ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ 'ഡങ്കി'യുടെ ട്രെയിലര്‍ റിലീസ് തീയതിയാണ് പുറത്തുവരുന്നത് (Dunki Trailer Release).
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിനിമയുടെ തിയേറ്റര്‍ റിലീസിന് രണ്ടാഴ്‌ച മുമ്പ്, ഡിസംബര്‍ 7ന് ഷാരൂഖ് ഖാന്‍ ട്രെയിലര്‍ റിലീസ് ചെയ്യും. 'ജവാൻ' സിനിമയുടെ റിലീസിലും സമാനമായ തന്ത്രം ഷാരൂഖ് ഖാന്‍ തിരഞ്ഞെടുത്തിരുന്നു. ഈ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി 'ജവാന്‍' മാറിയിരുന്നു.
Also Read:പിറന്നാള്‍ സമ്മാനം എത്തി! ഇനി അറിയേണ്ടത് അതുമാത്രം...; ഡങ്കി ടീസര്‍ പുറത്ത്
അടുത്തിടെ മുംബൈ നഗരത്തിലെ ഒരു ഡബ്ബിംഗ് സ്‌റ്റുഡിയോയിൽ വച്ച് പാപ്പരാസികള്‍ ഷാരൂഖിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിലർ ലോഞ്ച് വാർത്തകള്‍ പുറത്തുവരുന്നത്. ഷാരൂഖിന് പിന്നാലെ സംവിധായകൻ രാജ്‌കുമാര്‍ ഹിറാനിയെയും റെക്കോർഡിംഗ് സ്‌റ്റുഡിയോയിൽ വച്ച് പാപ്പരാസികള്‍ കണ്ടിരുന്നു.
തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനായി ഒന്നിച്ച് വെല്ലുവിളികള്‍ നേരിടുന്ന സുഹൃത്തുക്കളും അവരുടെ സന്തോഷവുമാണ് 'ഡങ്കി'. യഥാര്‍ഥ ജീവിത അനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട് ഒരുക്കിയ 'ഡങ്കി' പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഇതിഹാസമാണ്. വ്യത്യസ്‌ത കഥകളെ ഒരുമിച്ച് കൊണ്ടുവരികയും, ഉല്ലാസകരവും ഹൃദയഭേദകവുമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുകയാണ് 'ഡങ്കി'യിലൂടെ സംവിധായകന്‍.