കൊല്‍ക്കത്ത:ലോകം എന്തു തന്നെ ചെയ്‌താലും ഞങ്ങളെ പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരുമെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന 'പത്താനി'ലെ വീഡിയോ ഗാനം പുറത്തിറങ്ങിയത് മുതല്‍ പൊട്ടിപ്പുറപ്പെട്ട വിമര്‍ശനങ്ങള്‍ക്കെതിരെയും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെയും പ്രതികരിക്കുകയായിരുന്നു താരം. 28-ാമത് കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.
Shah Rukh Khan reacts on Pathan boycott: എല്ലാറ്റിനെയും പോസിറ്റീവായ സമീപനത്തോടെ കൂട്ടായി നേരിടുകയാണ് വേണ്ടതെന്നാണ് ഷാരൂഖ് പറയുന്നത്. 'എന്തു തന്നെ സംഭവിച്ചാലും ഞങ്ങളെ പോലുള്ളവര്‍ പോസിറ്റീവായി തുടരും. റിലീസിനൊരുങ്ങുന്ന 'പത്താന്‍' സിനിമയിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിന്‍റെ ഉള്ളടക്കം ഒരു സമൂഹത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വ്യത്യസ്‌ത ജാതിയിലും മതത്തിലും നിറത്തിലുമുള്ള ആളുകൾക്ക് പരസ്‌പരം നന്നായി മനസിലാക്കാനുള്ള ഒരു ഉപകരണമാണ് സിനിമ', ഷാരൂഖ് ഖാന്‍ പറഞ്ഞു.
Celebrities attend on Kolkata Film Fest: ഷാരൂഖിനൊപ്പം അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് 28-ാമത് കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഉദ്‌ഘാടനം നിര്‍വഹിച്ചത്. റാണി മുഖര്‍ജി, മഹേഷ് ഭട്ട്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി തുടങ്ങിയവരും ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Shah Rukh Khan met Rani Mukerji: കറുത്ത ത്രീ പീസ് സ്യൂട്ട് ധരിച്ചാണ് ഷാരൂഖ് ഖാന്‍ ചലച്ചിത്ര മേളയില്‍ എത്തിയത്. നീല സ്യൂട്ടിലാണ് അമിതാഭ് ബച്ചന്‍ ചടങ്ങിൽ പങ്കെടുത്തത്. അതേസമയം കറുത്ത നിറത്തിലുള്ള മനോഹരമായ സാരിയിലാണ് റാണി മുഖര്‍ജി പ്രത്യക്ഷപ്പെട്ടത്. ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന വേദിയില്‍ 'കുച്ച് കുച്ച് ഹോത്താ ഹേ' താരങ്ങള്‍ (റാണി മുഖര്‍ജിയും ഷാരൂഖും) പരസ്‌പരം കണ്ടുമുട്ടിയപ്പോഴുളള സന്തോഷ നിമിഷവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Mahesh Bhatt reacts on KIFF 2022: ചടങ്ങില്‍ സംവിധായകന്‍ മഹേഷ് ഭട്ടും പ്രതികരിച്ചു. 'ഈ രാഷ്‌ട്രീയ അശാന്തിയുടെ കാലത്ത്, പാശ്ചാത്യരുടെ ആശയങ്ങളെ തള്ളിക്കളയാൻ ഇന്ത്യയിലെ കുട്ടികൾ ശ്രമിക്കുന്നു. പാശ്ചാത്യരിൽ നിന്ന് അവർക്ക് ലഭിച്ച പാഠമാണത്. ഞങ്ങളുടെ ദൗത്യം അതല്ല. എല്ലാ വംശങ്ങളെയും ഒന്നിപ്പിക്കാൻ ഇന്ത്യയുണ്ട്. ടാഗോറിന്‍റെ ഈ വാക്കുകൾ എല്ലാ ഇന്ത്യക്കാരുടെയും ഹൃദയങ്ങളിൽ മുഴങ്ങണം', മഹേഷ് ഭട്ട് പറഞ്ഞു.