ബോളിവുഡ് ബോക്‌സോഫിസിൽ തിളങ്ങി കിങ് ഖാന്‍ ഷാരൂഖ് ഖാൻ. സൂപ്പര്‍ താരത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ 'പഠാന്‍റെ' (Pathaan) ആഗോള ബോക്‌സോഫിസ് റെക്കോഡ് തകര്‍ത്തെറിഞ്ഞ് താരത്തിന്‍റെ പുതിയ റിലീസായ 'ജവാന്‍' (Jawan breaks Pathaan records).
അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത 'ജവാൻ' ആഗോളതലത്തില്‍ 1,000 കോടി കടന്ന് ബോക്‌സോഫിസിൽ ആധിപത്യം തുടരുകയാണ്. 1,055 കോടിയിലെത്തി, 'പഠാനെ' മറികടന്ന് 2023ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമ എന്ന റെക്കോഡും 'ജവാന്‍' സ്വന്തമാക്കി.
ഇതോടെ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ചിത്രമായും, രണ്ടാമത്തെ ബോളിവുഡ് ചിത്രമായും 'ജവാന്‍' നിലകൊള്ളുന്നു. നിലവില്‍ 1968.03 കോടി രൂപയുമായി ആമിര്‍ ഖാന്‍റെ 'ദംഗല്‍' (Dangal) ആണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത്.
വെറും 23 ദിവസങ്ങള്‍ കൊണ്ടാണ് 'ജവാന്‍' 'പഠാന്‍റെ' ആജീവനാന്ത ആഗോള കലക്ഷനായ 1,055 കോടി മറികടന്നത്. അതേസമയം 23 ദിവസം കൊണ്ട് 'ജവാന്‍' ഇന്ത്യന്‍ ബോക്‌സോഫിസില്‍ നിന്നും കലക്‌ട് ചെയ്‌തത് 587 കോടി രൂപയാണ്. ഇതോടെ ഇന്ത്യന്‍ ബോക്‌സോഫിസില്‍ ഈ വര്‍ഷം, ആദ്യ 23 ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോഡും 'ജവാന്' സ്വന്തം. ഇനി ഇന്ത്യന്‍ ബോക്‌സോഫിസില്‍ 'ഗദർ 2', 'പഠാൻ' എന്നീ സിനിമകളുടെ 600 കോടി റെക്കോഡിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് 'ജവാന്'.