മുംബൈ :കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നവര്‍ ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിങ് ഛദ്ദയുടെ റിലീസ് അനുവദിക്കില്ലെന്ന് പറഞ്ഞവരെപ്പോലെ തെറ്റുകാര്‍ തന്നെയാണെന്നറിയിച്ച് ചലച്ചിത്ര ഇതിഹാസം ഷബാന ആസ്‌മി. തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് താരം അഭിപ്രായം പങ്കുവച്ചത്. കേരളത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ കഥ പറയുന്ന സുദീപ്‌തോ സെന്‍ ചിത്രം കേരള സ്‌റ്റോറിയ്‌ക്കെതിരെ കേരളത്തിലുയരുന്ന എതിര്‍പ്പുകളുടെയും, വിവാദ ചിത്രം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്ന് നീക്കിയ നടപടിയുടെയും പശ്ചാത്തലത്തിലാണ് ഷബാന ആസ്‌മിയുടെ പ്രതികരണം.
താരത്തിന്‍റെ പ്രതികരണം ഇങ്ങനെ :ഒരു സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് അല്ലാതെ മറ്റാർക്കും അവകാശമില്ല. കേരള സ്‌റ്റോറി നിരോധിക്കണമെന്നാവശ്യപ്പെടുന്നത് ആമിർ ഖാന്‍റെ ലാൽ സിങ് ഛദ്ദ നിരോധിക്കാൻ ആഗ്രഹിച്ചവരുടേത് പോലത്തെ തെറ്റാണ്. ഒരു സിനിമയ്‌ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗീകാരം നല്‍കി കഴിഞ്ഞാൽ, പിന്നെ ഭരണഘടനാപരമായ അമിതാധികാരം ആർക്കുമില്ല എന്നും ഷബാന ആസ്‌മി ട്വിറ്ററിലൂടെ അറിയിച്ചു. 2022 ഓഗസ്‌റ്റ് 11 ന് ആമിറിന്‍റെ ലാൽ സിങ് ഛദ്ദ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയയില്‍ ബോളിവുഡിനെ ബഹിഷ്‌കരിക്കുക (#BoycottBollywood) എന്നത് ട്രെൻഡായതിനെക്കുറിച്ചും ആസ്‌മി ട്വീറ്റില്‍ പരാമർശിച്ചു.
പ്രദര്‍ശനം തടയേണ്ടതില്ലെന്ന് ഹൈക്കോടതി:കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞദിവസം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം മതേതര സ്വഭാവമുള്ള കേരളീയ സമൂഹം സ്വീകരിക്കുമെന്നറിയിച്ചായിരുന്നു കോടതി ഹര്‍ജി തള്ളിയത്. പ്രദർശനത്തിന് സ്‌റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. അതേസമയം വിവാദ പരാമർശമടങ്ങിയ ടീസർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്‍പ്പടെ നീക്കം ചെയ്യാമെന്ന നിർമാതാക്കളുടെ ഉറപ്പും കോടതി രേഖപ്പെടുത്തിയിരുന്നു.