തെങ്കാശി: തെങ്കാശി -തിരുനെല്‍വേലി ലൈനില്‍ ഭാവൂർഛത്രം റെയിൽവേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന മലയാളി യുവതിക്ക് നേരെ ലൈംഗിക പീഡനശ്രമം. വ്യാഴാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഓടി രക്ഷപെട്ട പ്രതിയെ പിടികൂടാൻ സാധിച്ചില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന യുവതിയുടെ റൂമിലേക്ക് പ്രതി അതിക്രമിച്ചു കയറുകയും മുറിയിലെ ഫോൺ റിസീവർ ഉപയോഗിച്ച് വനിത ജീവനക്കാരിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നാണ് പരാതി.
തെങ്കാശിയില്‍ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡനശ്രമം; യുവതി ആശുപത്രിയിൽ - തെങ്കാശി തിരുനെല്‍വേലി റെയില്‍വേ
തെങ്കാശി -തിരുനെല്‍വേലി ലൈനില്‍ ഭാവൂർഛത്രം റെയിൽവേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് പീഡന ശ്രമം. ഗുരുതരമായി പരിക്കേറ്റ വനിത ജീവനക്കാരി ആശുപത്രിയിൽ ചികിത്സയിൽ.
വനിത ജീവനക്കാരി ബഹളം വെച്ചതിനെ തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വനിത ജീവനക്കാരിയെ ഭാവൂർചത്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭാവൂർഛത്രം പൊലീസ് കേസെടുത്തു. റെയിൽവേ പൊലീസും ഭാവൂർഛത്രം പൊലീസും റെയിൽവേ ഗേറ്റിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഭാവൂർഛത്രം റെയിൽവേ ഗേറ്റിന്‍റെ മേൽപ്പാല നിർമാണം മാസങ്ങളായി നടന്നുവരികയാണ്. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി യുവാക്കൾ റെയിൽവേ ഗേറ്റിന് സമീപം തമ്പടിച്ചിട്ടുണ്ട്. അവരിൽ ആർക്കെങ്കിലും ഈ പ്രവർത്തനത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.