ചണ്ഡിഗഡ്: ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗിനെതിരെ വനിത കോച്ച് ലൈംഗികാരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കേസിൽ അടുത്ത വാദം കേള്‍ക്കല്‍ ഒക്‌ടോബർ 21ന്(Sexual Abuse Case Against Haryana Minister). ഇന്ന് വാദം കേട്ട ജില്ല കോടതി തുടര്‍നടപടികള്‍ 21ലേക്ക് മാറ്റുകയായിരുന്നു. പരാതിക്കാരിക്ക് വേണ്ടി സുനിൽ സേത്തി, ദീപാൻഷു ബൻസാൽ എന്നീ അഭിഭാഷകരാണ് ഹർജികള്‍ സമർപ്പിച്ചത്.
സിആർപിസി 209ാം വകുപ്പ് പ്രകാരം കേസിലെ കോടതി നടപടികൾ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ആദ്യത്തെ ഹർജിയിലെ ആവശ്യം. ബലാത്സംഗ ശ്രമമായതിനാൽ ഇത് സെഷൻസ് കോടതി പ്രത്യേകം കൈകാര്യം ചെയ്യണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകർ വാദിച്ചു. രണ്ടാമത്തെ അപേക്ഷയിൽ സിആർപിസി സെക്ഷൻ 157 പ്രകാരം അന്വേഷണ റിപ്പോർട്ടിന്‍റെ പകര്‍പ്പ് പരാതിക്കാരിക്ക് നല്‍കാന്‍ പൊലീസിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെടുന്നു.